ഐ.എസില്‍ ചേര്‍ന്ന രണ്ട് പാലക്കാട്ടുകാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
പാലക്കാട്: ഐ.എസില്‍ ചേര്‍ന്ന പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. യാക്കര സ്വദേശി ബെക്സണ്‍ എന്ന യഹ്യ, പുതുപ്പരിയാരത്തെ അബൂ താഹിര്‍ എന്നിവരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് യഹ്യ കൊല്ലപ്പെട്ടതായി കാസര്‍കോടുള്ള ഒരാള്‍ക്ക് കിട്ടിയ സന്ദേശത്തിലൂടെ വ്യക്തമായതായി ബെക്സന്റെ മാതാവ് എല്‍സി വിന്‍സന്റ് പറഞ്ഞു.
ചില മാധ്യമങ്ങളില്‍ വരുന്നതുപോലെ കൊല്ലപ്പെട്ടത് ബെസ്റ്റിന് അല്ലെന്നും ഇളയ സഹോദരന് ബെക്സണ്‍ ആണെന്നും മൂത്ത മകനും രണ്ടു മരുമക്കളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായും എല്‍സി വിന്‍സന്റ് പറുന്നു. പാലക്കാട് ഒരു പത്രം ഓഫിസില്‍ ജോലി ചെയ്തു വരവെ ഖത്തറിലേക്കെന്ന് പറഞ്ഞുപോയി കാണാതായ അബു താഹിര്‍ കൊല്ലപ്പെട്ട വിവരം ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ഏപ്രില്‍ നാലിന് കൊല്ലപ്പെട്ടതായും അവിടെ തന്നെ ഖബറടക്കം കഴിഞ്ഞതായും സിറിയയില്‍നിന്നും ഒരാള്‍ ഖത്തറിലെ ബന്ധുവിന് സന്ദേശം അയക്കുകയായിരുന്നു.
പാലക്കാട് ജോലി ചെയ്യവെ 2013ല്‍ ഖത്തറിലേക്ക് പോയ അബു താഹിര്‍ ദോഹയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. പിന്നീട് ഉംറക്കെന്ന് പറഞ്ഞ് സഊദിയിലേക്കു പോയ ഇയാള്‍ ഐ.എസില്‍ ചേര്‍ന്നതായി പിന്നീടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വീട്ടുകാര്‍ക്കും വിവരം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് യഹ്യയും സഹോദരനും ഭാര്യമാരും ഉള്‍പ്പെടെ കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 19 പേര് ഐ.എസില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നത്. ഇവരില്‍ പടന്ന സ്വദേശികളായ രണ്ടുപേര്‍ കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലുള്ള ഐ.എസ് സംഘത്തിലെ ഒരാള്‍ കാസര്‍കോടുള്ള ബന്ധുവിന് അയച്ച സന്ദേശങ്ങളില്‍ നിന്നാണ് മരണവിവരം പുറത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."