കടക്കൂ പുറത്ത്: പിണറായിപ്രയോഗം ആയുധമാക്കി പരസ്യചിത്രങ്ങള്‍: ചിത്രം ഒന്ന് അവകാശികള്‍ പലത്
.തിരുവനന്തപുരം: പിണറായി വിജയന്റെ കടക്കൂ പുറത്ത് വിവാദമായ പദപ്രയോഗം പരസ്യചിത്രത്തില്‍ ആയുധമാക്കി ബി.ജെ.പി. ശബരിമലയുടെ പേരില്‍ വോട്ടുചോദിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നിലനില്‍ക്കേ ഇതേ വിഷയം പ്രമേയമാക്കിയാണ് ബി.ജെ.പി പരസ്യ ചിത്രം ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് ഇതേ ആശയത്തില്‍ തന്നെയാണ് കോണ്‍ഗ്രസിന്റേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യചിത്രവും. അതിലും കടക്കൂ പുറത്തെന്ന പ്രയോഗമാണ് ഹൈലേറ്റ്. എന്നാല്‍ ഇതിന്റെ ശില്‍പ്പികള്‍ ആരാണെന്ന കാര്യത്തില്‍ സംശയമുണ്ട്. ബി.ജെ.പിക്കായി നിര്‍മിച്ച ചിത്രം കോണ്‍ഗ്രസിന്റേതാണെന്ന രീതിയിലും പ്രചരിപ്പിക്കുന്നുണ്ട്.
ഇടതുപക്ഷ പ്രവര്‍ത്തകനായ മകന്‍ അമ്മയോട് വോട്ടു ചോദിക്കാനെത്തുന്നതാണ് രംഗം. അപ്പോള്‍ അമ്മ പറയുന്നു. ഇത്തവണ എന്റെ വോട്ടു നിന്റെ പാര്‍ട്ടിക്കില്ല. വിശ്വാസികളുടെ മനസ് വിഷമിപ്പിച്ച പ്രശ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചതാണ് ഇത്തവണ എന്റെ വോട്ട് നിന്റെ പാര്‍ട്ടിക്കില്ലെന്ന്, എന്റെ വോട്ടുമാത്രമല്ല, എന്റെ പെണ്‍മക്കളുടെ വോട്ടും കിട്ടില്ല.
നിന്റെ അച്ഛന്റെ വോട്ടുപോലും ഇത്തവണ നിന്റെ പാര്‍ട്ടിക്ക് കിട്ടുമെന്നു കരുതണ്ടെന്നും അമ്മ തറപ്പിച്ചു പറയുന്നു.
ഇതുകേട്ട് നിസാഹയനായ മകന്‍ പിന്നെ അച്ഛനെ സമീപ്പിക്കുകയാണ്. അപ്പോള്‍ ഒരു ദാക്ഷിണ്യവും കൂടാതെ പാരമ്പര്യമായി സി.പിഎമ്മിന് വോട്ടു ചെയ്തുവന്നിരുന്ന അച്ഛനും മകനോട് കല്‍പിക്കുകയാണ് കടക്കൂ പുറത്തെന്ന്.
ഇതാണ് ഒരു പരസ്യ ചിത്രമെങ്കില്‍ വിശ്വാസസംരക്ഷണത്തിന് ഊന്നല്‍ നല്‍കി നിര്‍മിച്ച മറ്റൊരു പരസ്യത്തില്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും കേരളത്തിലെയും കേന്ദ്രത്തിലെയും ഇരട്ടത്താപ്പിനെക്കുറിച്ച് മകന്റേയും അമ്മയുടെയും അച്ഛന്റെയും സംഭാഷണമാണ്. ഇതിനൊടുവിലും പിതാവ് മകനോട് കടക്കൂ പുറത്തെന്നു പറഞ്ഞാണ് ആട്ടുന്നത്. പരസ്യം വൈകിയാണ് എത്തിയതെങ്കിലും കടക്കൂ പുറത്ത് പ്രയോഗത്തെ വോട്ടാക്കി മാറ്റാനാകുമോ എന്ന് കണ്ടുതന്നെ അറിയണം. അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്ന പരസ്യത്തിന്റെ പിതൃത്വത്തെക്കുറിച്ചുള്ള സംശയം വോട്ടര്‍മാരില്‍ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."