പൗരാവകാശ ധ്വംസനങ്ങളുടെ കശ്മിര്‍
അഞ്ഞൂറില്‍പരം നാട്ടുരാജ്യങ്ങളുടെ ലയനം പൂര്‍ണമാകുംവിധം 1947 ഒക്ടോബര്‍ 26നാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മിര്‍ ഇന്ത്യയോട് ചേര്‍ന്നത്. 84,471 ചതുരശ്ര നാഴിക വിസ്തീര്‍ണമുള്ള ഈ മനോഹര ഭൂമി എട്ടു കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും വലുതായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കാവലാളുകളായിരുന്ന ഈസ്റ്റിന്ത്യാ കമ്പനി കേവലം 75 ലക്ഷം രൂപയ്ക്ക് 1846ല്‍ ജമ്മു രാജാവായിരുന്ന ഗുലാബ് സിങ്ങിനു വിറ്റതായിരുന്നു, ഇന്ത്യയുടെ ഉദ്യാനമായിരുന്ന കശ്മിര്‍ താഴ്‌വര. പച്ചനൂല്‍ക്കെട്ടുകള്‍ തൂക്കിയിട്ട തൂണുകള്‍ പോലെ പൈന്‍മരങ്ങളും മയില്‍പീലിക്കെട്ടുകളണിഞ്ഞു നില്‍ക്കുന്ന പോപ്ലാര്‍ മരങ്ങളും കൊണ്ട് ദൃശ്യഭംഗി പകരുന്ന സ്ഥലമാണെങ്കിലും ജനങ്ങളില്‍ ഭൂരിഭാഗവും അക്ഷരാഭ്യാസം ലഭിക്കാത്തവരാണ്. ഭരണഘടനാ അനുച്ഛേദം 370 പ്രകാരവും 35 എ പ്രകാരവും ജമ്മു കശ്മിരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി, കേന്ദ്ര സര്‍ക്കാര്‍ പ്രദേശത്ത് കര്‍ഫ്യു നടപ്പാക്കി രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ കൊണ്ടുവന്ന് കഴിഞ്ഞവര്‍ഷം നീക്കംചെയ്തു. ലഡാകിനെ അടര്‍ത്തിമാറ്റി 2019 ഓഗസ്റ്റ് അഞ്ചിനു രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു മോദി സര്‍ക്കാര്‍ രൂപംനല്‍കുകയും ചെയ്തു. വര്‍ഷം ഒന്നായതോടെ കശ്മിരികള്‍ക്കുള്ളതെല്ലാം നഷ്ടപ്പെടുകയും പുതുതായി ഒന്നും കിട്ടാതിരിക്കുകയും ചെയ്തുവെന്നതാണു ഫലം. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികളെപ്പോലും സ്വാഗതം ചെയ്ത് ഹൈന്ദവ ജനസംഖ്യ കൂട്ടാനുള്ള ശ്രമവും വിജയിക്കാതെപോയി.
ഇന്ത്യന്‍ ജനതയുടെ ഭാഗമായിട്ടും ഇന്നു കശ്മിരികള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. പ്രത്യേകാവകാശം റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍പോലും കര്‍ഫ്യൂവും കക്ഷിനേതാക്കളുടെ സംയുക്ത യോഗത്തിനു വിലക്കുമായിരുന്നു. സഞ്ചാരസ്വാതന്ത്ര്യമില്ല. പ്രമുഖരെ മാസങ്ങള്‍ക്കു ശേഷം വിട്ടയച്ചെങ്കിലും പലരും വീട്ടുതടങ്കലില്‍ കഴിയുകയാണ്. അക്രമങ്ങളും നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനവും ഏറെ കുറഞ്ഞെന്ന് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്. ലെഫ്. ഗവര്‍ണര്‍ പദവിയിലിരുന്ന ഐ.എ.എസ് മുന്‍ ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവും ഉപദേശകനായ ആര്‍.ആര്‍ ഭട്‌നഗറും അതു പറയുന്നുണ്ടെങ്കിലും ടെറിട്ടോറിയല്‍ ആര്‍മിയിലെ റൈഫിള്‍മാന്‍ ശാക്കിര്‍ മന്‍സൂറിനെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. ബി.ജെ.പി നേതാവായിട്ടും സജ്ജാദ് അഹ്മദ് ഖാന്‍ വെടിയേറ്റു മരിക്കുകയും ചെയ്തു. ഈ വര്‍ഷം 118 തീവ്രവാദി ആക്രമണങ്ങള്‍ നടന്നുവെന്നാണു സൈനിക റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട 138 'തീവ്രവാദി'കളിലാകട്ടെ, ഭൂരിഭാഗവും കശ്മിരികളും!.
കശ്മിര്‍ മുസ്‌ലിംകളുടെ പ്രതിനിധിയായി സംസാരിക്കവേ ശൈഖ് അബ്ദുല്ല പറഞ്ഞത്, ഒരിഞ്ച് ഭൂമിപോലും പാകിസ്താനു വിട്ടുകൊടുക്കില്ല എന്നായിരുന്നു. ഭൂരിപക്ഷം വരുന്ന അവിടുത്തെ മുസ്‌ലിംകളെ അവിശ്വസിക്കാന്‍ പാടുപെടുന്നവര്‍ ചില സംഭവങ്ങള്‍ ഓര്‍ക്കണം. 1965ല്‍ ഗുല്‍മാര്‍ഗ് താഴ്‌വര കേന്ദ്രീകരിച്ച് പാകിസ്താന്‍ നടത്തിയ ഗൂഢാലോചന പൊളിച്ചത് മുഹമ്മദ് ദീന്‍, നസീര്‍ മുഹമ്മദ് എന്നീ യുവാക്കളായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പാക് വാദം ഉയര്‍ത്തുന്നതിനെതിരേ ഒറ്റയാന്‍ വിപ്ലവം നടത്തിയ കോളജ് പ്രിന്‍സിപ്പല്‍ മഹ്മൂദാ അലിഷാ, പാക് ഏകാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ബഗ്ലാദേശിന്റെ മോചനത്തിനു തന്റെ പത്രം ചെലവഴിച്ച ശമീം അഹമ്മദ് ശമീം, ജമ്മു കശ്മിര്‍ വിമോചന മുന്നണിയുടെ നട്ടെല്ല് തകര്‍ത്ത പൊലിസ് മേധാവി മീര്‍ഗുലാം ഹസന്‍ ഷാ എന്നിവരെയെല്ലാം ഇവിടെ സ്മരിക്കേണ്ടതുണ്ട്.
രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളെല്ലാം ജമ്മു കശ്മിരില്‍ കുത്തഴിഞ്ഞു കൊണ്ടിരിക്കുന്നു. വിമതശബ്ദങ്ങളെ പൊലിസും പട്ടാളവും ചേര്‍ന്ന് അടിച്ചൊതുക്കുന്നു. പാക് ഭീകരര്‍ കടന്നുകയറുന്നുവെന്നു പറഞ്ഞ് 4 ജി വഴിയുള്ള വാര്‍ത്താ വിനിമയ സംവിധാനം തടഞ്ഞുവച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം പോലും നടക്കുന്നില്ല. ഇങ്ങനെ പോകുന്നു മനുഷ്യാവകാശ ധ്വംസനങ്ങള്‍. വ്യാപകമായ പൗരാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മുന്‍ ജഡ്ജിമാരും മുന്‍ സൈനികോദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്ന് പൗരാവകാശവാദികള്‍ ഉന്നയിച്ച പ്രതിഷേധങ്ങള്‍ സഹിക്കാനാവാതെ നേതാക്കളില്‍ ചിലരെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചുവെന്നതു നേര്.
ഇക്കഴിഞ്ഞ ദിവസമാണ് മാപ്പെഴുതി വാങ്ങി 504 പേരെ മോചിപ്പിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ലയ്ക്ക് എം.പി എന്ന നിലയില്‍ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചുകൊണ്ടായിരുന്നു വീട്ടുതടങ്കല്‍. മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയെ പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ് മോചിപ്പിച്ചത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജ്ജാദ് ലോണെയെ ഒരു വര്‍ഷം തികയുന്നതിന് അഞ്ചുനാള്‍ മുന്‍പാണ് വിട്ടയച്ചത്. അപ്പോഴും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലായിരുന്നു. ബി.ജെ.പി പിന്തുണയോടെ സംസ്ഥാനം ഭരിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് നീട്ടാനും അധികൃതര്‍ മടിച്ചില്ല. ഭരണഘടനാ ഭേദഗതി അംഗീകരിച്ചതിനെതിരേ ശബ്ദിക്കില്ലെന്ന നിബന്ധന പാലിച്ചാല്‍ മാത്രം പൊതുരക്ഷാ നിയമപ്രകാരമുള്ള തടവില്‍നിന്ന് മോചിപ്പിക്കാമെന്നാണ് ഭരണകൂടം പറഞ്ഞത്.
ഭരണഘടനാ ഭേദഗതികളിലൂടെ പ്രത്യേകാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും കശ്മിരിലേക്ക് വികസനം മലനിരകള്‍ കടന്നുവരുമെന്നായിരുന്നു, പാര്‍ലമെന്റില്‍ നടത്തിയിരുന്ന പ്രഖ്യാപനം. എന്നാല്‍ ഇന്നും സ്വകാര്യ സംരംഭകര്‍ കശ്മിരിനെ തിരിഞ്ഞുനോക്കുന്നില്ല. ആറായിരം ഏക്കര്‍ ഭൂമി തങ്ങള്‍ വ്യവസായ വികസനത്തിനായി മാറ്റിവച്ചിരിക്കുന്നുവെന്ന് അധികൃതരുടെ അറിയിപ്പു വന്ന ശേഷമുള്ള ദയനീയ സ്ഥിതിയാണിത്. ടൂറിസം അടക്കമുള്ള വാണിജ്യ വ്യവസായ മേഖല 40,000 കോടി രൂപയുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശൈഖ് ആശിഖ് അഹ്മദ് പറയുന്നു. സര്‍ക്കാര്‍ ജോലികള്‍ക്ക് കശ്മിരികളെ തിരഞ്ഞെടുക്കാന്‍ ഭരണകൂടം മടിക്കുന്നു. ഒരു വര്‍ഷമായിട്ടും പതിനായിരം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ 12,776 സര്‍പഞ്ചുമാര്‍ ഇനിയും അധികാരമേറ്റെടുത്തിട്ടില്ല.
ചൈനയും പാകിസ്താനും ഇന്ത്യയുടെ കശ്മിര്‍ നയത്തെ അപലപിക്കുന്നത് മനസിലാക്കാം. എന്നാല്‍ അവിടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അവകാശസമിതിയും യു.എന്‍ ഏജന്‍സിയും യൂറോപ്യന്‍ യൂനിയനും കുറ്റപ്പെടുത്തുമ്പോള്‍ ലോകമനസാക്ഷിയുടെ ചിന്താഗതി എന്താണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ ഭേദഗതികള്‍ പാസായതോടെ അധികാരമേറ്റ ലെഫ്. ഗവര്‍ണര്‍ ജി.സി മുര്‍മു എന്ന ഗുജറാത്തുകാരന്‍, അവിടെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം വഹിച്ചയാളാണ്. ഇപ്പോള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി നിയമിക്കുകയും ചെയ്തു.
ലേ ആസ്ഥാനമായുള്ള പുതിയ കേന്ദ്രഭരണ പ്രദേശമായി അടര്‍ത്തിയെടുത്ത ലഡാകിന്റെ കാര്യത്തിലും അവിടുത്തെ രണ്ടു ജില്ലകളിലും വാഗ്ദാനം ചെയ്ത വികസനമെത്തിക്കാന്‍ അധികൃതര്‍ക്കു സാധിച്ചില്ല. പ്രധാനമന്ത്രി തന്നെ ലഡാകില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍വകലാശാല ഒരു വര്‍ഷമായിട്ടും ഉയര്‍ന്നില്ല. സമുദ്രനിരപ്പില്‍നിന്ന് 9,800 അടി ഉയരത്തില്‍ കിടക്കുന്ന തന്ത്രപ്രധാനമായ ഈ പ്രദേശത്ത് രണ്ടര ലക്ഷം രൂപ മാസശമ്പളത്തിന് 110 ഡോക്ടര്‍മാര്‍ക്ക് നിയമനോത്തരവ് നല്‍കിയിട്ട് 15 പേര്‍ മാത്രമാണ് ചാര്‍ജെടുത്തത്. വിദ്യാഭ്യാസം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം തുടങ്ങിയ പല മേഖലകളിലും മേധാവികളില്ല. ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശത്തെ ഇങ്ങനെ കരയാന്‍ വിടുമ്പോഴാണ് ചെറുപ്പക്കാര്‍ അവിടെ അസ്വസ്ഥരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."