മൂക്കുപൊത്തണം നഗരമധ്യത്തില്‍ മലിനജലക്കെട്ട്
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തിലെ ദേശീയപാതയില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധപൂരിതം. എരുമത്തെരുവില്‍ നിന്നു തെക്കിബസാറിലേക്കുള്ള ഓവുചാലുകള്‍ നിറഞ്ഞാണു ദേശീയപാതയില്‍ തെക്കിബസാര്‍ കക്കാട് റോഡ് ജങ്ഷനില്‍ മലിനജലം കെട്ടിക്കിടക്കുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യവും പശുക്കളുടെ ചാണകവുമടക്കമുള്ള മലിനജലം റോഡിലേക്ക് ഒഴുകിയതോടെ വഴിയാത്രക്കാര്‍ക്കു മൂക്കുപൊത്താതെ നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി. കടുത്ത ദുര്‍ഗന്ധം ശ്വസിച്ച് കഴിയുകയാണു തെക്കിബസാറിലെ പതിനഞ്ചോളം വ്യാപാരികള്‍.
എരുമത്തെരുവില്‍ നിന്നു തെക്കിബസാറില്‍ കക്കാട് റോഡ് ജങ്ഷനില്‍ എത്തുന്ന ഓവുചാലിലെ വെള്ളം റോഡിന് എതിര്‍വശത്തുള്ള ഓവുചാലിലേക്കു റോഡിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് അടഞ്ഞതാണു മലിനജലം പുറത്തേക്കൊഴുകാന്‍ കാരണം. കാലവര്‍ഷം ശക്തമായതോടെ മഴവെള്ളം നിറഞ്ഞാണു ഓവുചാലില്‍ നിന്നു മലിനജലം പുറത്തെത്തുന്നത്.
മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കടകളിലേക്കു സാധനങ്ങള്‍ വാങ്ങാന്‍ ആരും എത്തുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. വെള്ളം കെട്ടിക്കിടക്കുന്ന ദേശീയപാതയുടെ ഭാഗത്ത് ടയറുകള്‍ നിരത്തിവച്ചിരിക്കുകയാണു വ്യാപാരികള്‍. അല്ലെങ്കില്‍ വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെ നീങ്ങി കടകളിലേക്കും വഴിയാത്രക്കാരുടെ ദേഹത്തും മലിനജലം തെറിക്കും.
കഴിഞ്ഞദിവസം വിവാഹ ചടങ്ങിനു പോകാന്‍ അണിഞ്ഞൊരുങ്ങിയെത്തിയ സ്ത്രീയുടെ ദേഹത്ത് മലിനജലം തെറിച്ച സംഭവം ഉണ്ടായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
വ്യാപാരികളുടെ പരാതിയെ തുടര്‍ന്നു മേയര്‍ ഇ.പി ലത ഇന്നലെ സ്ഥലത്തെത്തി. ദേശീയപാതയ്ക്കടിയിലൂടെ കടന്നുപോകുന്ന മലിനജല പൈപ്പിന്റെ തടസം നീക്കാനുള്ള പ്രവൃത്തിക്ക് അവരുടെ അനുമതി വേണ്ടതിനാലാണു അറ്റകുറ്റപ്പണി വൈകുന്നതെന്നു മേയര്‍ വ്യാപാരികളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."