മതവികാരം വ്രണപ്പെടുത്തുന്ന പാഠഭാഗം പിന്‍വലിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്
കോട്ടയം: എം.ജി സര്‍വകലാശാലയുടെ ബി.എ ഒന്നാം സെമസ്റ്റര്‍ (മോഡല്‍ -2) കോമണ്‍ കോഴ്‌സിലെ മലയാളം കഥാപരിചയം എന്ന പുസ്തകത്തിലെ പ്രണയോപനിഷത്തില്‍ ക്രിസ്തുമതത്തിനെതിരായ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗം പിന്‍വലിക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്‍ ആവശ്യപ്പെട്ടു.
കഥാപരിചയം എന്ന പുസ്തകത്തിലെ 11-ാമത്തെ കഥയായ പ്രണയോപനിഷത്തില്‍ ക്രൈസ്തവ മതത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ കുരിശിനെ അശ്ലീല ചുവയോടെയുള്ള സംഭാഷണത്തില്‍ ചേര്‍ത്തുവായിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അതിലൂടെ മതവികാരത്തെ വ്രണപ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നതെന്നും നിഷ സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ അനുമതിയോടെയല്ല ഈ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കുകയും ബോര്‍ഡിലെ 12 അധ്യാപകരുടെയും പേരുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതാണ്. എന്നാല്‍ പുസ്തകത്തില്‍ എഡിറ്റ് ചെയ്ത രണ്ട് അധ്യാപകരുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിത്. കഥ പാഠപുസ്തകത്തില്‍ നിന്നും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേസ് അടക്കമുള്ള നടപടികളുമായി മുമ്പോട്ടുപോകും. പ്രണയോപനിഷത്തിന്റെ കഥാകൃത്തായ വി.ജെ ജെയിംസിനെതിരേയും എം.ജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും നിഷ സോമന്‍ പറഞ്ഞു.
അതേസമയം, ബി.എ ഒന്നാം സെമസ്റ്റര്‍ (മോഡല്‍ -2) കോമണ്‍ കോഴ്‌സിലെ മലയാളം കഥാപരിചയം എന്ന പുസ്തകത്തിലെ വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത് 'എന്ന കഥ 2018ല്‍ പിന്‍വലിച്ചതാണെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."