ഉന്നതരുടെ ഒത്താശ: സന്ദീപ് നായരെ സഹായിച്ച പൊലിസ് സംഘടനാ നേതാവിന് സംരക്ഷണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ സഹായിച്ചെന്നു കണ്ടെത്തിയ പൊലിസ് സംഘടനാ നേതാവ് ജി. ചന്ദ്രശേഖരന്‍ നായരെ രക്ഷിക്കാന്‍ ഉന്നതരുടെ ഇടപെടലെന്ന് ആക്ഷേപം.
ചന്ദ്രശേഖരന്‍ നായര്‍ക്കെതിരേ നടപടിയും തുടരന്വേഷണവും ശുപാര്‍ശ ചെയ്തു കൊണ്ടുള്ള ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ മടക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നത്. നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നു കാണിച്ച് കമ്മിഷണര്‍ റിപ്പോര്‍ട്ട് മടക്കിയത്.
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ പൊലിസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും ആഡംബര വാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന്‍ നിയമവിരുദ്ധമായി ഇടപെട്ടു.
ഇതില്‍ നടപടിയെടുക്കണം എന്നായിരുന്നു ഡി.ഐ.ജിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് വായിച്ച ഡി.ജി.പി ആവശ്യമായ നടപടി എടുക്കുക എന്ന് എഴുതി കമ്മിഷണര്‍ക്ക് കൈമാറി. എന്നാല്‍, വാചകങ്ങളില്‍ വ്യക്തതയില്ലന്നും മാറ്റി എഴുതണമെന്നും കാണിച്ച് കമ്മിഷണര്‍ റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് തന്നെ മടക്കി നല്‍കുകയായിരുന്നു.
ഡി.ജി.പി കണ്ട റിപ്പോര്‍ട്ട് കമ്മിഷണര്‍ മടക്കിയതോടെയാണ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ഉന്നതരുടെ ഒത്താശ നടക്കുന്നുവെന്ന ആരോപണമുയര്‍ന്നത്. സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമാണ് ചന്ദ്രശേഖരന്‍ നായര്‍. ഇയാള്‍ക്ക് ബന്ധുവും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ സന്ദീപ് നായരുമായി നല്ല അടുപ്പമുണ്ട്.
അതേസമയം, ഉദ്യോഗസ്ഥന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."