യു.എ.ഇ കരാര്‍ ചതിയെന്ന് തെളിഞ്ഞു
ടെല്‍അവീവ്: ചരിത്രസംഭവമായി യു.എ.ഇയും ഇസ്‌റാഈലും കൊട്ടിഘോഷിച്ച നയതന്ത്രകരാര്‍ ചതിയായിരുന്നുവെന്ന് വ്യക്തമാക്കി ഇസ്‌റാഈല്‍ മന്ത്രി. ഫലസ്തീനിലെ വെസ്റ്റ്ബാങ്കിനെ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നത് അവസാനിപ്പിക്കുമെന്ന ഉറപ്പിന്മേലാണ് യു.എ.ഇ ഇസ്‌റാഈലുമായി സാധാരണനിലയിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ കരാറിലൊപ്പിട്ടത്. എന്നാല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കുന്നത് യു.എ.ഇയുമായുണ്ടാക്കിയ കരാറിനു മുന്‍പേ മരവിപ്പിച്ചിരുന്നുവെന്നാണ് ഇസ്‌റാഈല്‍ ധനമന്ത്രി യിസ്‌റാഈല്‍ കാറ്റ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇസ്‌റാഈലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇതോടെ അനക്‌സേഷന്‍ കരാറിന്റെ പ്രധാന ഭാഗമാണെന്ന യു.എ.ഇയുടെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കല്‍ റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇസ്‌റാഈലും യു.എ.ഇയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ജൂതരാജ്യവുമായി നയതന്ത്രബന്ധമുണ്ടാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യു.എ.ഇ. ഈജിപ്ത്, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ നേരത്തെ തന്നെ ഇസ്‌റാഈലുമായി ബന്ധമുണ്ടാക്കിയിരുന്നു. യു.എ.ഇയുടെ നടപടിയെ ഇറാനും തുര്‍ക്കിയും എതിര്‍ത്തപ്പോള്‍ ഒമാനും ബഹ്‌റൈനും സ്വാഗതം ചെയ്തു. യു.എസുമായി സഖ്യത്തിലുള്ള സഊദി ഇതുവരെ പ്രതികരിച്ചിട്ടില്ല. അറബ് ലീഗും മൗനത്തിലാണ്. കരാര്‍ നിലവില്‍വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക രംഗങ്ങളില്‍ സഹകരണമുണ്ടാകും. എംബസികളും സ്ഥാപിക്കും. കരാറിന്റെ വിശദരൂപമുണ്ടാക്കുന്നതിന്റെ ഭാഗമായി ഇസ്രാഈല്‍ ഇന്റലിജന്‍സ് മേധാവി ഉടന്‍ അബൂദബി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."