ഇറാന്‍ - സഊദി ഉച്ചകോടിക്ക് ആതിഥ്യമരുളി ഇറാഖ്
ബഗ്ദാദ്: മുസ്‌ലിം ലോകത്തെ രണ്ടുചേരികളിലെ വന്‍ശക്തികളായ ഇറാനും സഊദി അറേബ്യയും തമ്മിലുള്ള വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഉച്ചകോടിക്ക് ആതിഥ്യമരുളി ഇറാഖ്.
ഇന്നലെ വൈകീട്ടോടെ തുടങ്ങിയ ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്ത യോഗം ഇന്നും തുടരും. കഴിഞ്ഞവര്‍ഷം ഇറാഖ് പ്രധാനമന്ത്രിയായി അധികാരമേറ്റ ആദില്‍ അബ്ദുല്‍ മഹ്ദിയുടെ മധ്യസ്ഥ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇറാന്‍- സഊദി പ്രതിനിധികള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി മാത്രം ഒരു മേശയ്ക്കു ചുറ്റുമിരിക്കാന്‍ സന്നദ്ധത അറിയിച്ചത്. തുര്‍ക്കി, സിറിയ, കുവൈത്ത്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. മേഖലയിലെ സുരക്ഷ, നയതന്ത്രബന്ധം, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാനമായും കൂടിക്കാഴ്ചയിലെ അജന്‍ഡ.
ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍ അബ്ദുല്ല ഇബ്‌റാഹീം അല്‍ ആലു ശൈഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തില്‍ സഊദിയെ പ്രതിനിധീകരിക്കുന്നത്.
മേഖലയിലെ രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം ശക്തമാണെന്നും അത് കൂടുതല്‍ ദൃഢമാക്കുകയാണ് ഇത്തരം ഉച്ചകോടിയിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബൂസി പറഞ്ഞു.
ഉച്ചകോടിക്കു മുന്നോടിയായി ഇറാഖ് പ്രധാനമന്ത്രി അബ്ദുല്‍ മഹ്ദി അടുത്തിടെ സഊദി അറേബ്യയും ഇറാനും സന്ദര്‍ശിച്ചിരുന്നു. സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും മഹ്ദി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു മുന്നോടിയായി ഇറാന്‍ സന്ദര്‍ശിച്ച മഹ്ദി, പ്രസിഡന്റ് ഹസന്‍ റൂഹാനി ഉള്‍പ്പെടെയുള്ളവരുമായും ചര്‍ച്ചനടത്തുകയുണ്ടായി. ഇറാനുമായി തങ്ങള്‍ക്ക് അടുത്തബന്ധമാണുള്ളത്.
എന്നാല്‍, ഇറാനെ അമേരിക്കയും സഊദി അറേബ്യപോലുള്ള മേഖലയിലെ ചില രാജ്യങ്ങളും ശത്രുവായാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സദ്ദാം ഹുസൈന്‍ പ്രസിഡന്റായിരിക്കെ 1990കളിലെ കുവൈത്തിലെ അധിനിവേശത്തോടെയാണ് സഊദി അറേബ്യ ഇറാഖുമായി അകലുന്നത്.
എന്നാല്‍, പിന്നീട് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പൂര്‍വസ്ഥിതിയിലായി. പുതിയ സാഹചര്യത്തില്‍ സഊദിയുമായി ഇറാഖിന് മികച്ച നയതന്ത്രബന്ധമാണുള്ളത്. അതേസമയം, ഇറാഖിലെ നിരവധി മുതിര്‍ന്ന ശീഈ നേതാക്കള്‍ ഇറാന്‍ ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."