ദേശസ്‌നേഹം ഒരു മുഖമൂടിയല്ല
ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലേക്കുപോകുന്ന ട്രൈനാണ്. അതിലാണ് ഫ്രഞ്ചുകാരിയായ ആ യുവതി കയറിയിരിക്കുന്നത്. കയറിയതുമുതല്‍ തന്നെ അവളുടെ മുഖത്ത് എന്തെന്നില്ലാത്തൊരു ഭയപ്പാട്. കാര്യമായ എന്തോ ഒരപകടം അവളെ കാത്തിരിക്കുന്നപോലെ. തൊട്ടടുത്തിരുന്ന ഇംഗ്ലണ്ടുകാരനായ യുവാവ് ചോദിച്ചു: ''മാഡം.. എന്താ പ്രശ്‌നം.. മുഖത്ത് വല്ലാത്തൊരു ഭയം കാണുന്നുവല്ലോ..''
പതുങ്ങിയ സ്വരത്തില്‍ അവള്‍ പറഞ്ഞു: ''എന്റെ ബാഗില്‍ പതിനായിരം ഡോളറിരിക്കുന്നുണ്ട്. ഇംഗ്ലണ്ടിലേക്കു കടത്താന്‍ അനുവദിക്കപ്പെട്ട തുകയെക്കാളേറെയാണത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയാല്‍ എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണു ഞാന്‍.''
യുവാവ് പറഞ്ഞു: ''അതിനെന്തിന് ഭയക്കണം...? പകുതി എന്നെ ഏല്‍പിച്ചേക്കൂ.. അയ്യായിരം ഡോളര്‍ കടത്തുന്നതിനു യാതൊരു വിരോധവുമില്ല. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി പുറത്തിറങ്ങിയാല്‍ ഞാന്‍ മാഡത്തിനു തന്നെ അതു തിരിച്ചു നല്‍കാം.''
യുവതിക്കു അതൊരു നല്ല അഭിപ്രായമായി തോന്നി. യുവാവിനോടു ചോദിച്ചു: ''നമ്മള്‍ രണ്ടു പേരും രണ്ടു സമയത്താണു പുറത്തിറങ്ങുന്നതെങ്കില്‍ എന്തു ചെയ്യും..? കണ്ടുമുട്ടാന്‍ വല്ല വകുപ്പുമുണ്ടാകുമോ..?''
''അതിനു കുഴപ്പമില്ല. മാഡം മാഡത്തിന്റെ അഡ്രസ് തന്നാല്‍ മതി. ഞാനതില്‍ ബന്ധപ്പെടുന്നുണ്ട്..''
യുവതി തന്റെ അഡ്രസ് നല്‍കി. യുവാവിന്റെ അഡ്രസ് യുവതിയും വാങ്ങി. കൈവശമുണ്ടായിരുന്ന പതിനായിരം ഡോളറില്‍നിന്ന് അയ്യായിരം യുവാവിനെ ഏല്‍പിച്ചു. പ്രതീക്ഷിച്ചപോലെ തന്നെ കാര്യങ്ങള്‍. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയപ്പോള്‍ ആദ്യ ഊഴം യുവതിയുടേതായിരുന്നു. പ്രയാസമേതുമില്ലാതെ അവള്‍ക്ക് ആ 'ബാലികേറാമല' വിട്ടുകടക്കാന്‍ കഴിഞ്ഞു. അസ്വാഭാവികമായതൊന്നും അവളില്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ ആശ്വാസത്തിന്റെ നിശ്വാസങ്ങളയച്ചു മുന്നോട്ടു പോകുമ്പോഴാണ് പിന്നില്‍ ഒരു ശബ്ദം. താന്‍ പണം ഏല്‍പിച്ച യുവാവ് ഉദ്യോഗസ്ഥരോട് പറയുകയാണ്: ''സര്‍, ആ പോകുന്ന യുവതിയുടെ കൈയ്യില്‍ പതിനായിരം ഡോളറുണ്ട്. നിയമത്തിന്റെ കണ്ണുകള്‍ വെട്ടിച്ച് അത് ഇംഗ്ലണ്ടിലേക്ക് കടത്താനാണ് അവളുടെ ശ്രമം. അതിന് അയ്യായിരം ഡോളര്‍ അവള്‍ എന്നെ ഏല്‍പിച്ചിരിക്കുന്നു. ഇതാ അവള്‍ തന്ന ആ പണം. സത്യമാണു ഞാന്‍ പറയുന്നത്. എന്റെ നാടിനെ ചതിക്കാന്‍ ഞാന്‍ ഒരുക്കമല്ല..!''
ശബ്ദം കേട്ട യുവതി ഞെട്ടിവിറച്ചു. താന്‍ ഇത്രത്തോളം വിശ്വസിച്ച ആ യുവാവ് തന്നെ വഞ്ചിച്ചോ...? അവള്‍ക്ക് ആ രംഗം വിശ്വസിക്കാനായില്ല. ഉദ്യോഗസ്ഥര്‍ അവളെ പിടികൂടി. ബാഗ് ചെക്ക് ചെയ്തപ്പോഴതാ അയ്യായിരം ഡോളര്‍. ബാക്കി അയ്യായിരം യുവാവിന്റെ കൈയ്യിലും.. കൈയ്യോടെ പിടികൂടിയ സ്ഥിതിക്ക് ഇനി രക്ഷയില്ല. ഒരു ന്യായവും വിലപ്പോവില്ല.
ചുരുക്കിപ്പറയുകയല്ലേ വേണ്ടൂ.. അവള്‍ക്ക് തന്റെ പണം നഷ്ടമായി.. തന്റെ ദേശത്തോടു യുവാവ് കാണിച്ച കൂറിനും പ്രതിബദ്ധതയ്ക്കും ഉദ്യോഗസ്ഥര്‍ നന്ദി പറഞ്ഞു. അദ്ദേഹത്തെ പോലുള്ള പൗരന്മാരെയാണ് രാജ്യത്തിനുവേണ്ടതെന്നായി അവര്‍.
ഈ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞു കാണും. യുവതി താമസിക്കുന്ന റൂമിന്റെ വാതില്‍ ആരോ മുട്ടുന്നു. പ്രതീക്ഷയോടെ യുവതി വാതില്‍ തുറന്നു നോക്കുമ്പോള്‍ തന്നെ ചതിച്ച യുവാവ്..! അമര്‍ശത്തോടെ അവള്‍ ചോദിച്ചു: ''എന്തു വേണം.. യാതൊരു ഉളുപ്പുമില്ലാതെ എന്നെ ചതിച്ചതു മതിയായില്ലേ..''
യുവാവ് ഒന്നും പറഞ്ഞില്ല. തന്റെ കൈയ്യിലുള്ള ഒരു കിഴി അവള്‍ക്കു നല്‍കിയിട്ടു പറഞ്ഞു: ''ഇതാ പിടിച്ചോളൂ.. ഇതില്‍ പതിനയ്യായിരം ഡോളറുണ്ട്. തെറ്റായി ഒന്നും കരുതരുത്. മാഡത്തെ പെടുത്തുകയല്ലാതെ ആ സന്ദര്‍ഭത്തില്‍ എനിക്ക് മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. എന്റെ കൈവശമുണ്ടായിരുന്ന ഒരു മില്യണ്‍ ഡോളര്‍ എന്റെ നാട്ടിലേക്കു കടത്താന്‍ എനിക്ക് മുന്നില്‍ തെളിഞ്ഞ ഏക മാര്‍ഗം അതായിരുന്നു..!''
എങ്ങനെയുണ്ട് പദ്ധതി..? ഇടക്കിടെ ദേശസ്‌നേഹവും ദേശക്കൂറും പറഞ്ഞ് രംഗം കൊഴുപ്പിക്കുന്ന നേതാക്കന്മാരെയും അവരുടെ സില്‍ബന്ധികളെയും കണ്ടിട്ടില്ലേ.. അവരായിരിക്കും ദേശത്തിന്റെ മുഖ്യ ശത്രുക്കള്‍. അവരുടെ ഇംഗിതത്തിനും താല്‍പര്യങ്ങള്‍ക്കും വഴങ്ങാത്തവര്‍ മുഴുവന്‍ രാജ്യദ്രോഹികള്‍.
രാഷ്ട്രമെന്നാല്‍ രാഷ്ട്രീയമല്ല. ഭരണകൂടത്തെ എതിര്‍ക്കുന്നതു രാഷ്ട്രത്തെ എതിര്‍ക്കലാവില്ല. വീടു കൊള്ളയടിക്കാന്‍ വന്നവനെ എതിര്‍ക്കുന്നത് വീടിനെ ദ്രോഹിക്കലല്ലല്ലോ.
രാജ്യസ്‌നേഹം പ്രസംഗിച്ചു നടക്കുന്നവരില്‍ പലരും രാജ്യദ്രോഹികളായിരിക്കും. രാജ്യദ്രോഹികളെന്നു മുദ്രകുത്തപ്പെട്ടവരില്‍ പലരും രാജ്യസ്‌നേഹികളുമായിരിക്കും. രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് രാജ്യത്തെ ദ്രോഹിക്കാന്‍ വന്നവര്‍ക്കെതിരെ അവര്‍ ശബ്ദിക്കുന്നതും ദ്രോഹികളുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കാത്തതും. രാജ്യം ഗുരുതരമായ പ്രതിസന്ധിയിലോ ഭീഷണിക്കുരുക്കിലോ അകപ്പെടുമ്പോള്‍ ഈ രാജ്യസ്‌നേഹികളെയൊന്നും കാണില്ല. സുരക്ഷയ്ക്കായി രംഗത്തുവരുന്നത് 'രാജ്യദ്രോഹി
കളാ'യിരിക്കും.
പുറത്തെ ശത്രുവിനെയല്ല; അകത്തെ ശത്രുവിനെയാണ് കൂടുതല്‍ കരുതിയിരിക്കേണ്ടത്. രാജ്യസ്‌നേഹം എന്ന പദം രാജ്യത്തെ കട്ടുമുടിക്കാന്‍ ആയുധവും മറയുമാക്കുന്ന നേതാക്കളെ കരുതിയിരിക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."