HOME
DETAILS

മഴപ്പേടിയിലകപ്പെട്ട കേരളം

  
backup
August 18 2020 | 00:08 AM

rain-kerala-879514-2020

 


കുഴിതുരന്നു തുരന്നു കുഴിയായ് തീര്‍ന്ന ഞങ്ങള്‍
കുഴിയില്‍നിന്നു വിളിച്ചു ചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ, എവിടെ ഞങ്ങടെ
കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍
അവര്‍ക്ക് അന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടതിരികൊളുത്താന്‍ എണ്ണയെവിടെ?
അല്‍പമല്‍പമുറക്കെയായ ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു, മണ്ണിടിഞ്ഞു, അടിയിലായി
അമര്‍ന്നചോദ്യം, കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ
ഇല്ലില്ലറിവു പാടില്ല, വീണ്ടും ഖനി തുരന്നല്ലൊ

(കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയില്‍നിന്ന്)

വെള്ളപ്പൊക്കംകൊണ്ടും മണ്ണിടിച്ചില്‍കൊണ്ടും തകര്‍ന്നുപോകുന്ന ജനജീവിതമോര്‍ക്കുമ്പോള്‍ കടമ്മനിട്ടയുടെ കുറത്തിയെന്ന കവിതയില്‍നിന്നുള്ള ഈ വരികള്‍ ബഹുരൂപിയായി ഉയര്‍ന്നുനില്‍ക്കുന്നതു കാണാം. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ ഇത്രയേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ ഇരകളായി മാറാതിരുന്ന കാലത്താണ് അദ്ദേഹം ഇത്രയ്ക്ക് മുഴക്കമുള്ള വരികള്‍ എഴുതുന്നത്. ഖനിയില്‍ മണ്ണിടിഞ്ഞ് ഒടുങ്ങിപ്പോവുന്ന തൊഴിലാളികളുടെ കരച്ചില്‍ ഒരു പ്രതീകമാണ്. ഇത് പ്രളയകാലത്ത് കേരളത്തില്‍ എവിടേയുമാവാം എന്നാണവസ്ഥ. കഴിഞ്ഞ മൂന്നു വര്‍ഷവും പ്രളയത്തിന്റെ ആഘാതമേറ്റവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു. അധികാരികള്‍ക്കു നേരെ വിരല്‍ ചൂണ്ടാനുള്ള അവകാശംപോലും പാവപ്പെട്ടവര്‍ക്ക് നഷ്ടമാവുന്നു. കടമ്മനിട്ടയുടെ ഈ വരികള്‍ കവളപ്പാറയിലോ, പുത്തുമലയിലോ, പെട്ടിമുടിയിലോ തൂക്കിയിടാം. എല്ലായിടത്തും മണ്ണിനടിയില്‍ അകപ്പെട്ട് അവസാനിക്കുന്നവര്‍ തീരേ ചെറിയ മനുഷ്യര്‍. ഭരണകൂടങ്ങളുടെ കണ്ണില്‍ പെടാത്തവര്‍.


എന്റെ കൗമാരകാലത്ത് നവഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായിരുന്നു കടമ്മനിട്ട. അദ്ദേഹത്തിന്റെ കുറത്തിയും കാട്ടാളനുമൊക്കെ ഞാനും ചൊല്ലി നടന്നിട്ടുണ്ട്. വിപ്ലവഗാനങ്ങള്‍ പോലെ. പിന്നീടദ്ദേഹം സി.പി.എം സഹയാത്രികനായി. എം.എല്‍.എ ആയി. ഇന്നാണ് അദ്ദേഹം കുറത്തിയും കാട്ടാളനുമൊക്കെ എഴുതുന്നതെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ എണ്ണം പറഞ്ഞ വികസന വിരോധിയായി അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുണ്ടാവും. കടമ്മനിട്ടയൊക്കെ സ്‌നേഹിച്ച പ്രസ്ഥാനം അത്രമേല്‍ മാറികഴിഞ്ഞു. മുതലാളിത്ത, കോര്‍പറേറ്റ് വികസന മാതൃകകളുടെ ഏറ്റവും വലിയ പ്രചാരകരായി സി.പി.എം. എല്ലാ ഭരണ പാര്‍ട്ടികളുടെയും കൂട്ടത്തില്‍ സി.പി.എമ്മും. ഇന്ത്യയില്‍ എക്കാലത്തും ഇടതു പാര്‍ട്ടികള്‍ ദുര്‍ബലമായിരുന്നുവെങ്കിലും പ്രത്യയശാസ്ത്രബോധ്യം കൊണ്ട് സമ്പന്നമായിരുന്നു. മാര്‍ക്‌സിനും എംഗല്‍സിനുമൊക്കെ ഉന്നതമായ പാരിസ്ഥിതിക ജാഗ്രതയുണ്ടായിരുന്നു. ഇന്ന് ചെങ്കൊടിയുടെ നിറത്തിലെ ചുവപ്പേ ബാക്കിയുള്ളൂ. മാധവ് ഗാഡ്ഗിലിനെ പിന്തുണയ്ക്കാന്‍പോലും സി.പി.എം ഭയക്കുന്നു. എല്‍.ഡി.എഫ് ഭരണത്തിലും അനധികൃത ക്വാറികള്‍ അനവധിയാണ്. അതിനെതിരേ ശബ്ദിക്കുന്നവരൊക്കെ വികസന വിരോധികളും. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും പാരിസ്ഥിതിക ജാഗ്രത പുലര്‍ത്തുന്നവര്‍ക്ക് ഇടമില്ലാതായി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച പി.ടി തോമസ് ഇടുക്കിയില്‍ തോല്‍പ്പിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും സ്വീകാര്യമല്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടും മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ഇപ്പോഴുമില്ല പാരിസ്ഥിതി വിവേകം. പരിസ്ഥിതി ദിനത്തില്‍ മരം നട്ടുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെയല്ല മലയാളി ഇന്ന് അഭിമുഖീകരിക്കുന്നത്. സഹ്യപര്‍വതം അത്രമേല്‍ കീറിപ്പറിഞ്ഞുപോയിരിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാലും ഒന്നും പൂര്‍വസ്ഥിതിയിലാവില്ല. പരുക്കിന്റെ ആഴം അത്രയ്ക്ക് ഭയാനകമാണ്. പ്രളയാനുഭവങ്ങളില്‍നിന്ന് വലിയ തിരുത്തലുണ്ടാവുമെന്ന് പ്രതീക്ഷിച്ചതൊക്കെ വെറുതെ. പെരുമഴ തീരുന്നതോടെ ആര്‍ത്തിയിലേയ്ക്കും ധൂര്‍ത്തിലേയ്ക്കും ജനത മടങ്ങിപ്പോവുന്നു.


2018 ലെ പ്രളയം കഴിഞ്ഞപ്പോള്‍ കൈത്താങ്ങായി പ്രവാസലോകത്തെ മനുഷ്യരുണ്ടായിരുന്നു. അവരുടെ ഉദാരത വിമാനത്തില്‍ പറന്നിറങ്ങുന്നത് നാം കണ്ടു. ഇപ്പോള്‍ അവരും പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും ചേര്‍ത്തുപിടിക്കലുമൊക്കെ വെറുതെയായിരുന്നു. പ്രളയത്തിന്റെ ഇരകള്‍ പഴയ ജീവിത സാഹചര്യത്തില്‍നിന്ന് മാറ്റമില്ലാതെ തുടരുന്നു. സര്‍ക്കാരിതര സംഘടനകള്‍ ചെയ്ത അത്ര പോലും സര്‍ക്കാരിന് ചെയ്യാന്‍ സാധിച്ചുമില്ല. കവളപ്പാറയിലൊക്കെ പരുക്കേറ്റു ജീവിക്കുന്ന മനുഷ്യരുടെ കണ്ണീര് ഒരു വര്‍ഷമായിട്ടും തോര്‍ന്നിട്ടില്ല. പ്രളയത്തിന്റെ പേരില്‍ നടന്ന ധൂര്‍ത്തിന്റെയും അഴിമതിയുടെയും കഥകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നെതര്‍ലാന്‍ഡില്‍ പോയി പഠിച്ച ഏത് പാഠമാണ് പ്രയോഗിക്കപ്പെട്ടത് എന്ന് ചോദിക്കുമ്പോള്‍ ഭരണക്കാരും അവരുടെ സൈബര്‍ സ്തുതിപാഠകരും ക്ഷോഭിച്ചിട്ട് കാര്യമില്ല. 2020 ഓഗസ്റ്റിലും വീടുകളുടെ കിടപ്പുമുറിയിലേയ്ക്ക് തള്ളിക്കയറിയ പുഴയുടെ ചിത്രം വെച്ച് നെതര്‍ലാന്‍ഡില്‍നിന്ന് ഇറക്കുമതി ചെയ്ത റൂം ഫോര്‍ റിവര്‍ എന്ന ആശയത്തെ ആളുകള്‍ കളിയാക്കുന്നത് സ്വാഭാവികം. ഏത് പ്രഖ്യാപനം നടത്തുമ്പോഴും ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. നടപ്പിലാക്കാനാവാത്ത പ്രഖ്യാപനങ്ങള്‍ നടത്തി എന്തിന് പരിഹാസ്യരാവണം? ജനതയെ മോഹിപ്പിച്ചു കടന്നുകളയുന്നതെന്തിന്?


നിരന്തര പ്രളയം കൊണ്ട് വല്ലാതെ പരുക്കേറ്റപ്പോഴാണ് റൂം ഫോര്‍ ദ റിവര്‍ എന്ന ആശയം നെതര്‍ലാന്‍ഡ് നടപ്പിലാക്കിയത്. റെയ്ന്‍ നദിയുടെ ഡല്‍റ്റകള്‍ നൂറ്റാണ്ടുകളായി പ്രളയബാധിതപ്രദേശമായിരുന്നു. നമ്മുടെ കുട്ടനാടുപോലെ സമുദ്രനിരപ്പില്‍നിന്നു താഴ്ന്നു കിടക്കുന്ന രാജ്യമാണ് നെതര്‍ലാന്‍ഡ്. 1993-95 കാലഘട്ടത്തില്‍ രണ്ടു ലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവന്നു. പ്രളയത്തെ നേരിടാനുള്ള അനേകം പദ്ധതികളില്‍ ഒന്നു മാത്രമായിരുന്നു റൂം ഫോര്‍ ദ റിവര്‍ എന്ന ആശയം. തല്‍ക്കാലം ആ ആശയത്തിലേയ്ക്ക് ഞാന്‍ കടക്കുന്നില്ല. എന്നാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒത്തിരി വര്‍ഷങ്ങള്‍ വേണ്ടിവന്നു നെതര്‍ലാന്‍ഡിന്. ഒരു പ്രളയകാലം കഴിഞ്ഞ് നെതര്‍ലാന്‍ഡില്‍പോയി പിറ്റേ വര്‍ഷം നടപ്പിലാക്കാവുന്ന പദ്ധതിയൊന്നുമല്ല റൂം ഫോര്‍ ദ റിവര്‍. ഈ സത്യം മനസിലാക്കാതെ വരുമ്പോഴാണ് ഭരണാധികാരികള്‍ പരിഹാസ്യരാവുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലും നെതര്‍ലാന്‍ഡിലുമൊക്കെ നടപ്പിലാക്കുന്ന പദ്ധതികള്‍ അങ്ങനെതന്നെ ഇവിടെ നടപ്പിലാക്കാന്‍ സാധിക്കുമോ? ഓരോ രാജ്യങ്ങളും തനതു പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതാണ് നല്ലത്. നമ്മുടെ നാട്ടിലെ ഒരു വികസന പ്രവര്‍ത്തനവും പാരിസ്ഥിതിക ജാഗ്രത പുലര്‍ത്തിക്കൊണ്ടുള്ളതായിരുന്നില്ല. വളരെ പെട്ടെന്ന് മുറിവേല്‍ക്കാന്‍ സാധ്യതയുള്ളതാണ് കേരളത്തിന്റെ ഭൂപ്രകൃതി. സഹ്യപര്‍വതമായിരുന്നു നമ്മുടെ രക്ഷകന്‍. എന്നാല്‍ സഹ്യനെ പരിചരിക്കുന്നതില്‍ നാം തീര്‍ത്തും പരാജയപ്പെട്ടു. ഇനി ഒരു വീണ്ടെടുപ്പ് സാധ്യവുമല്ല. സഹ്യനിലേയ്ക്കുള്ള ആര്‍ത്തിപൂണ്ട അധിനിവേശങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവന്നു.


ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന ഒറ്റമൂലികൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇന്ന് കേരളം നേരിടുന്നത്. രാജമല പെട്ടിമുടിയുടെ കാര്യം തന്നെ നോക്കാം. അത്രയ്ക്ക് കൈയേറ്റം നടന്ന സ്ഥലമല്ല പെട്ടിമുടി. കുറേയേറെ ജാഗ്രതാപൂര്‍വം പരിപാലിക്കുന്ന എസ്റ്റേറ്റ് മേഖലയാണ്. ചായത്തോട്ടം തന്നെ മുഖ്യം. ഇത്തരം ദുരന്തങ്ങള്‍ ഒരുകാലത്തും പെട്ടിമുടിയില്‍ ഉണ്ടായിട്ടില്ല. വളരെ സുരക്ഷിതം എന്നുതന്നെയാണ് കരുതപ്പെട്ടിരുന്നത്. പെട്ടിമുടിയിലും ഉരുള്‍പൊട്ടലുണ്ടാവാമെങ്കില്‍ സഹ്യപര്‍വതത്തില്‍ ഒരിടവും സുരക്ഷിതമല്ലാതാവും. പേടിപ്പിക്കുന്ന കാലമാണ് വരാനിരിക്കുന്നത് എന്നുതന്നെ പറയേണ്ടിവരും.


മനുഷ്യന്റെ കൈയേറ്റംകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും പ്രളയത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ നാമിനി മാറി ചിന്തിച്ചേ മതിയാവൂ. തര്‍ക്കമില്ല. എന്നാല്‍ ഭാവിയിലെ നമ്മുടെ ജാഗ്രതകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതില്‍ എറ്റവും പ്രധാനം ആഗോളതാപനം മൂലം മഴയുടെ ഘടനയില്‍ വന്ന മാറ്റമാണ്. ഒരുമാസം കൊണ്ട് പെയ്യേണ്ട മഴ രണ്ടോ മൂന്നോ ദിവസംകൊണ്ട് പെയ്ത് തിമര്‍ത്താല്‍ ദൈവത്തെ വിളിച്ച് നിലവിളിക്കുകയല്ലാതെ മനുഷ്യര്‍ മറ്റെന്ത് ചെയ്യാനാണ്. ശാസ്ത്രത്തിന് ഒരു പരിഹാരവും നിര്‍ദേശിക്കാനില്ലെങ്കില്‍ മനുഷ്യര്‍ നിസ്സഹായരായി മാറും. മേഘവിസ്‌ഫോടനമോ, അതിനു സമാനമോ ആയ മഴകള്‍ക്കാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി നാം സാക്ഷ്യം വഹിക്കുന്നത്. തമിഴ്‌നാട് വെതര്‍മാന്റെ കൃത്യമായ പ്രവചനങ്ങള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും കണക്കിലെടുക്കാതിരുന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്.
കേരളത്തിലെ മണ്‍സൂണ്‍ മഴയുടെ സ്വഭാവം ഭാവിയില്‍ ഇതുതന്നെയാണെങ്കില്‍ ജനവാസകേന്ദ്രങ്ങള്‍ നമുക്കിനി പുനര്‍നിര്‍ണയിക്കേണ്ടിവരും. സഹ്യപര്‍വതത്തിലെ ഒരു താഴ്‌വരയും ഇനിമേല്‍ സുരക്ഷിതമല്ലെന്ന് പെട്ടിമുടി നമ്മെ ബോധ്യപ്പെടുത്തുകയാണ്. തുടര്‍ച്ചയായ മണ്‍സൂണ്‍ പ്രത്യഘാതങ്ങള്‍ കേരളത്തെ വല്ലാതെ പിന്നോട്ട് കൊണ്ടുപോവും.
ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ.വി വിജയന്‍ ഇങ്ങനെ കുറിക്കുന്നു: 'ആളുകള്‍ പറയുന്നു പുന്നപ്പാറയിലെ രണ്ടു മലകളെ കരിങ്കല്‍ചുമരുകൊണ്ടു ബന്ധിക്കുമെന്ന്. കടലിലേയ്‌ക്കൊഴുകുന്ന മലമ്പുഴ തടഞ്ഞുനിര്‍ത്തി ഖസാക്കിലേയ്ക്കു വെള്ളം തിരിയ്ക്കുമെന്ന്. കാലവര്‍ഷത്തിന്റെ ശാഠ്യം മനുഷ്യന്‍ തിരുത്തുമെന്നു ധരിച്ചാല്‍ - കണ്ടുതന്നെയറിയണം. പോരെങ്കില്‍, അങ്ങനെ ചെയ്യാമോ ആവോ. ഈശ്വരന്റെയും മനുഷ്യന്റെയും ബലാബലങ്ങളുടെ തുലനമാണവിടെ'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago