കള്ളപ്പണമെന്നു കരുതി പിടിച്ചെടുത്ത അസാധു നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് ഹരജി
കൊച്ചി: കള്ളപ്പണമെന്നു കരുതി പൊലിസ് പിടിച്ചെടുത്ത പണം തിരികെ നല്‍കുമ്പോള്‍ അസാധു നോട്ടുകള്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം കവടിയാര്‍ സ്വദേശികളായ എസ്.പി മഹേഷ്, മനോജ് സുകുമാരന്‍ നായര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നു ഡിസംബര്‍ 11 ന് പൊലിസ് നടത്തിയ പരിശോധനയില്‍ ഹരജിക്കാരില്‍ നിന്ന് 20.50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഫ്‌ളാറ്റ് വാങ്ങാനായി കൊണ്ടുപോയ പണം കള്ളപ്പണമാണെന്ന നിഗമനത്തിലാണു തിരുവനന്തപുരം മ്യൂസിയം എസ്.ഐയും സംഘവും പിടികൂടിയത്. എന്നാല്‍ പണത്തിനു മതിയായ രേഖയുണ്ടെന്നു കണ്ടെത്തിയ തിരുവനന്തപുരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (ആര്‍.ഡി.ഒ) പണം തിരികെ നല്‍കാന്‍ പിന്നീട് ഉത്തരവിട്ടു.
തങ്ങളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പണം മുഴുവന്‍ അസാധു നോട്ടായ സാഹചര്യത്തില്‍ ഇതു മാറ്റി നല്‍കാന്‍ നിര്‍ദേശിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും ആര്‍.ഡി.ഒ അംഗീകരിച്ചു. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജിയനല്‍ ഡയറക്ടറോട് അസാധു നോട്ടുകള്‍ മാറ്റി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം അധികൃതര്‍ നിരസിച്ചു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."