ദേശീയപാതക്കരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: ലക്കിടി മുതല്‍ മുത്തങ്ങ വരെയുള്ള ദേശീയ പാതയുടെ ഇരുവശവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന മുഴുവന്‍ വാഹനങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും ആര്‍.ടി.ഒക്കുമാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്.
കമ്മിഷന്‍ ജില്ലാകലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ കണ്ട വാഹനങ്ങള്‍ 7 ദിവസത്തിനകം നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള കുറെ വാഹനങ്ങള്‍ പൊലിസിന്റെ നിയന്ത്രണത്തിലുള്ളതാണെന്നും സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതു കാരണമാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ പോലും കോടതിയുടെയും പൊലിസ് സ്റ്റേഷന്റെയും പരിസരത്ത് നിന്ന് നീക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതിയും സുപ്രിംകോടതിയും പല ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
കാലതാമസം വരുന്ന കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളുടെ കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഉത്തരവു പ്രകാരം ഉടമക്ക് തിരികെ നല്‍കുകയോ മൂന്നാമന് ലേലത്തില്‍ നല്‍കുകയോ വേണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
കല്‍പ്പറ്റ സ്വദേശി കെ. മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."