ദുരിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ ആടിവേടനിറങ്ങി
കുമ്പള: കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയില്‍ വറുതിയും ആധിയും അലട്ടുന്ന നേരങ്ങളില്‍ ആശ്വാസമേകാന്‍ ആടിവേടനിറങ്ങി. കാക്കയ്ക്കു കണ്ണുതുറക്കാനാവില്ലെന്ന് പറയുന്ന കര്‍ക്കടകത്തിലെ ദുരിതങ്ങളിലേക്കാണ് ആശ്വാസമേകാനായി ആടിവേടന്‍ ഊരുചുറ്റാന്‍ ഇറങ്ങുന്നത്.
ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് ആടിവേടന്‍ കെട്ടല്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ അപ്രത്യക്ഷമായ ഈ ഗ്രാമീണ ആചാരം ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചെണ്ടയുടെ താളത്തില്‍ വീട്ടുമുറ്റത്തെത്തി കുഞ്ഞുങ്ങള്‍ക്ക് ഐശ്വര്യം ചൊരിഞ്ഞാണ് ആടിവേടന്‍ തിരികെ പോകുന്നത്.
വീടുകളിലെത്തുന്ന ആടിവേടനെ വീട്ടുകാര്‍ നിലവിളക്ക് വച്ച് സ്വീകരിക്കുന്നു. തുടര്‍ന്ന് കൃഷിക്കും സന്താനങ്ങള്‍ക്കും അനുഗ്രഹം ചൊരിഞ്ഞ് വേടന് അടുത്ത വീട്ടിലേക്ക് യാത്രയാവും. വറുതിയില്‍ ആശ്വാസവും ഭാവിയിലേക്ക് പ്രതീക്ഷകളും ബാക്കിവച്ചാണ് ആടിവേടന്‍ വീടുകള്‍ തോറും കയറിയിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."