ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ 455 കോടിയുടെ വായ്പാ പാക്കേജ്
തിരുവനന്തപുരം: ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ 455 കോടി രൂപയുടെ വായ്പാ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടൂറിസം മേഖലയുടെ സംരക്ഷണത്തിന്റെ ഭാഗമായി രണ്ടുതരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ പദ്ധതികളുടെ പ്രയോജനം സംരംഭകര്‍ക്കും ടൂറിസം വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും ലഭിക്കും. ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി) വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ 50 ശതമാനം ടൂറിസം വകുപ്പ് സബ്‌സിഡിയായി നല്‍കും. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് രണ്ടാമത്തെ പദ്ധതി. കേരള ബാങ്കുമായി ചേര്‍ന്ന് 100 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെ കേരള ബാങ്ക് വായ്പയായി അനുവദിക്കും. ഒന്‍പത് ശതമാനമായിരിക്കും പലിശ. ഈ പലിശയില്‍ മൂന്ന് ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറ് ശതമാനം പലിശ സംസ്ഥാന ടൂറിസം വകുപ്പ് വഹിക്കും. സ്ഥാപനത്തില്‍ നിന്നുള്ള രേഖയുടെ അടിസ്ഥാനത്തില്‍ ഈ വായ്പ തൊഴിലാളികള്‍ക്ക് ലഭിക്കും. വായ്പ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രത്യേകമായി തയാറാക്കുന്ന വെബ്‌സൈറ്റിലൂടെയാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രണ്ട് പദ്ധതികളിലൂടെയും നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശ സബ്‌സിഡിക്ക് 24 കോടി രൂപ ടൂറിസം വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖല പൂജ്യത്തിലേക്ക് കൂപ്പുകുത്തിയെന്നും 25,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്കായി മറ്റുചില സവിശേഷ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും. നിബന്ധനകളോടെ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുമെന്നും അതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."