ചാംപ്യന്‍സ് ലീഗ് പകരം വീട്ടാന്‍...
ലിസ്ബണ്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ബയേണിനെതിരേ നടക്കുന്ന രണ്ടാം സെമിയങ്കത്തില്‍ ലിയോണിറങ്ങുമ്പോള്‍ ടീമിന് രണ്ടുണ്ട് ലക്ഷ്യം. കന്നി ഫൈനല്‍ പ്രവേശനത്തിലേക്കാണ് ലിയോണിന്റെ പ്രധാന നോട്ടമെങ്കിലും 10 വര്‍ഷം മുന്‍പ് സെമിയില്‍ തങ്ങളെ പരാജയപ്പെടുത്തിയ അതേ ടീമിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ച് പകരം വീട്ടണമെന്ന മോഹവും ലിയോണിന്റെ മനസ്സിലുണ്ട്. അന്ന് ഒരു തവണ പോലും എതിര്‍വല നിറക്കാന്‍ സമ്മതിക്കാതെ നാലു ഗോളുകള്‍ക്കാണ് ബയേണ്‍ ലിയോണിനെ വീഴ്ത്തി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. അതേ ടീമുകള്‍ ഇന്ന് കരുത്തുമായും കണക്കുമായും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടത്തിന്റെ മൂര്‍ച്ച കൂടും.
കളത്തിലിറങ്ങുന്നത് ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിച്ചവരില്‍ മൂന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കും ലീഗ് ചരിത്രത്തില്‍ തന്നെ കന്നി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്ന ലിയോണും. ഇരുവരും അവസാനമായി പിന്നിട്ട വഴി പരിശോധിക്കുമ്പോള്‍ എതിരാളികളായത് കൊലകൊമ്പന്‍മാര്‍. അഞ്ചു തവണ കിരീടം ചൂടിയ ബാഴ്‌സയെ എട്ട് ഗോളിന് വീഴ്ത്തിയാണ് ബയേണ്‍ പോരാട്ടത്തിന് കച്ച കെട്ടിയതെങ്കില്‍ പ്രീമിയര്‍ ലീഗ് വമ്പരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും ഇറ്റലിയില്‍ നിന്നുള്ള യുവന്റസിനെയും ഞെട്ടിച്ചാണ് ലിയോണ്‍ അവസാന നാലില്‍ കയറിക്കൂടിയത്. ഫൈനല്‍ മാത്രം പ്രതീക്ഷിച്ചിറങ്ങുന്ന ലിയോണിനെ അത്ര ചെറിയ ടീമായല്ല ബയേണ്‍ കാണുന്നത്. സിറ്റിക്കെതിരേ അവര്‍ പുറത്തെടുത്ത പ്രതിരോധ മികവ് പൊളിച്ചടക്കണമെങ്കില്‍ ഉഗ്രനൊരു തന്ത്രം തന്നെ ബയേണ്‍ പരിശീലകന്‍ ഹാന്‍സ് ഫ്‌ളിക്ക് കരുതി വെച്ചിട്ടുണ്ടാവണം.
എന്നാല്‍ ബാഴ്‌സയ്‌ക്കെതിരേ പ്രയോഗിച്ച ആക്രമണ തന്ത്രം ബയേണ്‍ തങ്ങള്‍ക്കെതിരേയും കരുതി വെച്ചിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ലിയോണ്‍. അങ്ങനെയെങ്കില്‍ സിറ്റിക്കെതിരേ സ്ഥാപിച്ച പ്രതിരോധമതില്‍ ഒന്നു കൂടി കെട്ടിപ്പടുക്കാനുള്ള തയാറെടുപ്പ് ലിയോണ്‍ നടത്തുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലിയോണ്‍ ലീഗിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.
നോക്കൗട്ട് റൗണ്ടില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ എതിര്‍ വലയില്‍ നിറച്ചാണ് ബയേണ്‍ വീണ്ടും കലാശപ്പോരിനിറങ്ങുന്നത്. വഴങ്ങിയതാവട്ടെ, മൂന്ന് ഗോള്‍ മാത്രം. സെര്‍ജി നാബ്രി, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഇവാന്‍ പെരിസിച്ച്, മുള്ളര്‍ തുടങ്ങിയ മുന്നേറ്റ താരങ്ങള്‍ ചേര്‍ന്ന് ബാഴ്‌സയെ ഒരു ദയയുമില്ലാതെ കീഴ്‌പ്പെടുത്തിയതു പോലെ ലിയോണും ബയേണിന്റെ 'ദയാവധ'ത്തില്‍ വീണു പോകുമോ എന്ന ആശങ്കയും ലോക ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലുണ്ട്. ലിയോണ്‍ നിരയില്‍ മെംഫിസ് ഡിപ്പെയും മൗസ ഡെംബലെയും പ്രകടനം നിലനിര്‍ത്തിയാല്‍ കന്നി ഫൈനലിലൂടെ കന്നി കിരീടമെന്ന ലിയോണിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."