തെലങ്കാന പൊലിസിനെതിരേ ദ്വിഗ്‌വിജയ് സിങ്; വ്യാപക പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാന പൊലിസിനെതിരേ ആരോപണമുന്നയിച്ച എ.ഐ.സി.സി ജന.സെക്രട്ടറി ദ്വിഗ്‌വിജയ് സിങിനെതിരേ വ്യാപക പ്രതിഷേധം. മുസ്‌ലിം യുവാക്കളെ ഐ.എസില്‍ ചേരാനായി തെലങ്കാന പൊലിസ് പ്രേരിപ്പിക്കുന്നുവെന്ന പേരില്‍ ആരോപണമുന്നയിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. പൊലിസിനെതിരേ വ്യാജ ആരോപണം ഉന്നയിച്ച ദ്വിഗ്‌വിജയ് സിങ് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു.
തെലങ്കാന പൊലിസിനെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് ഉള്ളത്. എന്നിട്ടും കോണ്‍ഗ്രസ് നേതാവ് നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിങ് ഉന്നയിച്ച ആരോപണത്തിനുപിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. മുസ്‌ലിം യുവാക്കളെക്കുറിച്ച് ചൂണ്ടിക്കാട്ടിയ വസ്തുതകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡി അറിയിച്ചു.
ആരോപണം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സംസ്ഥാന പൊലിസിന് മുന്‍പാകെ അദ്ദേഹം മാപ്പുപറയണമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ദ്വിഗ്‌വിജയ് സിങിന്റെ ആരോപണം നിരുത്തരവാദപരമാണ്. ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പലകോണുകളില്‍ നിന്ന് സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദമാണ് ഉള്ളത്. തെലങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ചുമതലയാണ് ദിഗ്‌വിജയ് സിങിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."