സേവനസ്പര്‍ശത്തില്‍ 711 പരാതികള്‍ക്ക് പരിഹാരം
ആലപ്പുഴ: ദീര്‍ഘകാലമായി ചുവപ്പുനാടയില്‍ കുരുങ്ങി പരിഹാരമില്ലാതെ കിടന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 711 പരാതികള്‍ക്ക് പരിഹാരം കണ്ട് മാവേലിക്കരയില്‍ കലക്ടറുടെ സേവനസ്പര്‍ശം പരിപാടി നിരവധി പേര്‍ക്ക് തുണയായി.
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലൊരുക്കിയ അദാലത്ത് വേദിയില്‍ മാവേലിക്കര താലൂക്കിലുള്ളവര്‍ക്കായി നടത്തിയ അദാലത്തില്‍ രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ചികിത്സാ ധനസഹായം, ബി.പി.എല്ലാക്കാനും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും.
റവന്യു, സര്‍വേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകളും ലഭിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യേഗസ്ഥര്‍ പ്രത്യേകം കൗണ്ടറുകളിലായി വേദിക്കുസമീപം തന്നെ ഉണ്ടായിരുന്നു. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ സ്വീകരിക്കാന്‍ കൗണ്ടര്‍ സജ്ജമാക്കി. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി കലക്ടറെ നേരിട്ട് സമീപിക്കാന്‍ സംവിധാനമൊരുക്കി.
രാവിലെ 9.30നു കലക്ടര്‍ വീണ എന്‍. മാധവന്‍ അപേക്ഷരെ നേരില്‍ക്കണ്ട് പരാതികള്‍ സ്വീകരിച്ചുതുടങ്ങി. തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം കലക്ടറെ അറിയിക്കണം. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്. അപേക്ഷ നല്‍കാനെത്തിയവര്‍ക്കു ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. മെഡിക്കല്‍ സംഘം സ്ഥലത്തുണ്ടായിരുന്നു. കലക്ടര്‍, എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."