വേണോ നമുക്കിപ്പോള്‍ ഒരു തെരഞ്ഞെടുപ്പ്?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇതാ വന്നെത്തി. കൊവിഡ് ശമനമില്ലാതെ മുമ്പോട്ടുപോകാന്‍ തന്നെയുള്ള പടപ്പുറപ്പാടിലാണെന്ന് വ്യക്തമായി കണക്കുകൂട്ടുന്നു വിദഗ്ധര്‍. നിയന്ത്രണങ്ങള്‍ എമ്പാടുമുണ്ടായിട്ടും വ്യാപനം ഞെട്ടിക്കുന്ന വിധം വര്‍ധിക്കുകയാണ്. അടുത്ത മാസത്തോടെ പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിലെത്തുമെന്നും ആരോഗ്യ വിഭാഗത്തിന്റെയും വിദഗ്ധ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിരിക്കുന്നു. വളരെ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിലയിരുത്തുന്നു.
എത്ര കടുത്ത നിയന്ത്രണമുണ്ടായാലും ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോള്‍ അവ ദുര്‍ബലപ്പെടുമെന്നതില്‍ തര്‍ക്കമില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ സമര പരിപാടികള്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അത് പാലിക്കാര്‍ കഴിഞ്ഞിട്ടില്ല. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെയോ പ്രവര്‍ത്തകനേയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുമാവില്ല. അതൊക്കെ സ്വാഭാവികമാണ്. ഇരച്ചുവരുന്ന ജനരോഷത്തോടോ ഇരമ്പിയടിക്കുന്ന ആവേശത്തോടോ വേദമോതിയിട്ട് കാര്യമില്ലല്ലോ. രോഷവും പ്രതിഷേധവുമൊക്കെ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കുകയാണ് ബുദ്ധി. ജനക്കൂട്ടം ഉണ്ടാവാതെ നോക്കണമെങ്കില്‍ ജനങ്ങളുടെ മനശ്ശാസ്ത്രമറിയണം. വിവാഹ, മരണ വീടുകളിലും ഇരുപത് - അന്‍പത് ആളുകള്‍ മാത്രമേ പാടുള്ളൂ എന്ന നിയന്ത്രണവും പലപ്പോഴും പാളിപ്പോകുന്നുണ്ട്. ആരാധനാലയങ്ങളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം പോലും പതിനായിരമായി ഒതുക്കിയ സാഹചര്യം ഈ ഭീഷണിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഓണാഘോഷ മുള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനമാക്കി. ഇങ്ങനെയൊക്കെയായിട്ടും തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് പറയുന്നത് എന്താണാവോ? കമ്മിഷന്റെ കലാവധി തീരുംമുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന താല്‍പ്പര്യമാണോ? രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും ഈ ആവശ്യം ഉന്നയിക്കുന്നില്ലെന്നതും ഉള്‍ക്കൊള്ളാനാവുന്നില്ല. ആവശ്യപ്പെട്ടാല്‍ പരാജയഭീതി കൊണ്ടാണെന്ന് ആരോപണം വരുമെന്ന ഭയം കൊണ്ടാവാം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കാലാവധി കഴിഞ്ഞാല്‍ സ്വാഭാവികമായും പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കണം. ജനാധിപത്യ പ്രക്രിയയിലൂടെയാവണം അധികാര കൈമാറ്റം. ഭൂരിപക്ഷത്തിന്റെ മനസറിയാന്‍ പരമപ്രധാനമാണ് വോട്ടെടുപ്പ്. അതിനേക്കാള്‍ പ്രധാനമല്ലേ നമ്മുടെ ജീവന്‍. ഭരണസമിതിയുടെ കാലാവധി ആറു മാസമോ ഒരു വര്‍ഷമോ നീട്ടിവച്ചാലും ഇവിടെ ഒന്നും സംഭവിക്കില്ല. നീട്ടിവയ്ക്കാതെ പ്രഖ്യാപിച്ച പോലെ മുമ്പോട്ടുപോയി ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ നവംബറില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുക നൂറുകണക്കിന് ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടായിരിക്കും. ആശുപത്രികളിലല്ല നമ്മുടെ ഗ്രാമപഞ്ചായത്തുകള്‍ തൊട്ട് കോര്‍പറേഷനുകള്‍ വരെ കൊവിഡ് വാര്‍ഡുകളുണ്ടാവും. ലക്ഷക്കണക്കിനാളുകള്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവാകും.
ഈ മാസം 26 വരെ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സമയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ശാന്തമായി ആ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. നേരിട്ട് ചേര്‍ക്കേണ്ടവര്‍ അക്ഷയ കേന്ദ്രങ്ങള്‍വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ആള്‍ക്കൂട്ടം ഭയന്ന് പല അക്ഷയ കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. പേര് ചേര്‍ക്കല്‍ കഴിഞ്ഞാല്‍ ഹിയറിങ്ങും മറ്റും നടക്കണം. ഇതിനൊക്കെ പഞ്ചായത്ത് - മുനിസിപ്പല്‍ - കോര്‍പറേഷന്‍ ഓഫിസുകളില്‍ ജീവനക്കാരുണ്ടാവില്ല. ഇപ്പോള്‍ പകുതി ജീവനക്കാര്‍ വന്നാല്‍ മതിയെന്നാണ്. അതുതന്നെ കണ്ടെയ്ന്‍മെന്റ്, ക്ലസ്റ്റര്‍, ഹോട്ട് സ്‌പോട്ട്, മൈക്രോസോണ്‍ തുടങ്ങിയ കാരണങ്ങളാല്‍ മിക്ക ഓഫിസിലേയും ഹാജര്‍ നില വളരെ കുറവാണ്.
സാമൂഹികഅകലം പാലിക്കലും വായയും മൂക്കും മറയ്ക്കലും ശുചിത്വം നിലനിര്‍ത്തലുമൊക്കെയാണ് കൊവിഡ് പ്രതിരോധിക്കാന്‍ മാര്‍ഗം. ഇതൊക്കെ ഇപ്പോള്‍ തന്നെ വേണ്ടത്ര പാലിക്കാന്‍ നമുക്ക് കഴിയുന്നില്ല. മോങ്ങാനിരിക്കുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണ അനുഭവമാകും തെരഞ്ഞെടുപ്പ് നടത്തല്‍. അടങ്ങിയിരുന്ന് വീര്‍പ്പുമുട്ടുന്ന കേരള സമൂഹത്തിന് ഒരു തെരഞ്ഞെടുപ്പ് കിട്ടിയാല്‍ എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിയും. ബലാബലം നില്‍ക്കുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അതൊരു ജീവന്‍മരണ പോരാട്ടമായി മാറും. നിയമത്തിന്റെ ഉരുക്കുമുഷ്ടിക്ക് അത് തടഞ്ഞുനിര്‍ത്താന്‍ പറ്റില്ല. ഇങ്ങനെ നമ്മുടെ ജനതയെ ബലി കൊടുക്കണോ?
എല്ലാ മേഖലകളിലും കൊവിഡ് കടന്നുകയറ്റം നടത്തിക്കഴിഞ്ഞു. ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും എല്ലാവരും ഈ മഹാമാരിയുടെ പിടിയിലകപ്പെടുന്നു. കൊവിഡ് വാര്‍ഡുകളില്‍ താരതമ്യേന വ്യാപനം കുറവാണ്. കാരണം അവിടെ വേണ്ടത്ര സുരക്ഷാ സംവിധാനമുണ്ട്. അത്രയും ശ്രദ്ധ നാം പുറത്ത് കാട്ടുന്നില്ല. പുറത്തെല്ലാം രോഗികളുണ്ട്. ദൈനംദിനം ബന്ധപ്പെടുന്ന സ്ഥലങ്ങളിലെല്ലാം വ്യാപനം നടക്കുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കൊവിഡ് കണക്കുകളില്‍ അവ്യക്തതയുണ്ട്. ഇക്കാര്യം ഉന്നയിച്ച് ആരോഗ്യ മേഖലയിലുള്ളവര്‍ തന്നെ രംഗത്തുവന്നിരുന്നു. എന്നും മുഖ്യമന്ത്രി പ്രസ്താവിക്കുന്ന കണക്കില്‍ അറിഞ്ഞോ അറിയാതെയോ വെള്ളം ചേര്‍ക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവാണെങ്കിലും മരണപ്പെടുന്നയാള്‍ ഹൃദ്രോഗിയോ മറ്റോ ആണെങ്കില്‍ അത് കൊവിഡ് കണക്കില്‍ വരുന്നില്ല.
തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനമാണ് നടക്കുക. മാറ്റമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വന്നേക്കും. കഴിഞ്ഞ തവണ ഗാന്ധിജയന്തി ദിനത്തിലാണ് പുതിയ സമിതി വന്നത്. വിജ്ഞാപനം ഈ മാസമവസാനമോ അടുത്ത മാസാദ്യമോ വരും. പിന്നെ വിശ്രമമില്ല. തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ഇറങ്ങും, രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമൊക്കെ. ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണം. ചര്‍ച്ചകളും യോഗങ്ങളും ക്ലാസുകളുമൊക്കെ നടക്കണം. എത്ര ശ്രദ്ധിച്ചാലും ഈ കൂടിച്ചേരലുകള്‍ അപകടത്തിലേക്ക് വഴുതി വീഴാം. ഉദ്യോഗസ്ഥയോഗങ്ങള്‍ നടക്കുന്നതിനിടയില്‍ തന്നെ രാഷ്ട്രീയ നേതൃയോഗങ്ങള്‍ നടക്കണം. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കാനും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിക്കാനുമുള്ള യോഗം മാത്രമല്ല, സംവരണ വാര്‍ഡ് നറുക്കെടുപ്പിനുള്ള യോഗവും നടക്കണം. ഓരോ പാര്‍ട്ടിയുടെയും രണ്ടോ മൂന്നോ പ്രതിനിധികള്‍ പങ്കെടുത്താല്‍ തന്നെ അതൊരു വലിയ യോഗമായി മാറും. വീണ്ടും അപകടം മണക്കും.
കഴിഞ്ഞ രണ്ട് മാസമായി പൊതുയോഗങ്ങളും സമരങ്ങളും നടക്കുന്നില്ല. കാരണം ഹൈക്കോടതി ആള്‍ക്കൂട്ടം വിലക്കിയിരിക്കുകയാണ്. ഈ വിലക്ക് തെരഞ്ഞെടുപ്പിന് വേണ്ടി ചെറിയ തോതിലെങ്കിലും കോടതി അയവുവരുത്തിയേക്കാം. പക്ഷേ, രോഗവ്യാപനം ഒഴിവാക്കാന്‍ ഒരു കോടതിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും ഭരണകൂടത്തിനും കഴിയില്ലല്ലോ. രോഗവ്യാപനം കുറേയെങ്കിലും തടഞ്ഞുനിര്‍ത്താനാവുന്നത് കോടതിയുടെ ഈ നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രമാണ്. വീട് കയറിയുള്ള പ്രചാരണത്തിന് മൂന്നു പേരേ പാടുള്ളൂ എന്നാണ് കമ്മിഷന്‍ പറയുന്നത്. ഈ നിര്‍ദേശം പാലിച്ചാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ഇത് മാത്രമല്ലല്ലോ. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളും റാലികളും ശക്തി പ്രകടനങ്ങളുമൊക്കെ ഇരുപതും അന്‍പതും നൂറും ആളുകളേ പാടുള്ളൂവെന്നും അവര്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നുമൊക്കെ പറഞ്ഞാല്‍ എത്രകണ്ട് പ്രയോഗികമാവും. അറുപത് കഴിഞ്ഞവര്‍ക്ക് സ്ഥാനാര്‍ഥിയായോ പ്രചാരകനായോ പ്രത്യക്ഷപ്പെടാനാവുമോ?
ഈ പ്രക്രിയയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നിയന്ത്രണം കൈവിട്ടുപോവില്ലെന്ന് ഉറപ്പിക്കാനാവുമോ. അപ്പോള്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സമ്മര്‍ദമുണ്ടാവണം. പൂച്ചക്കാര് മണികെട്ടും എന്നാലോചിച്ച് നമ്മുടെ മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളും നിന്നാല്‍ വളരെവലിയ വില നല്‍കേണ്ടിവരും. ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കേരളത്തിലും മാറ്റിവച്ച ചരിത്രം നമുക്കറിയാം. 1969 ല്‍ കാലാവധി പൂര്‍ത്തിയായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒന്നിലേറെ തവണ മാറ്റിവച്ചിരുന്നു. ഇത്തരം വലിയ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഭരണഘടന എതിരല്ല. നിലവിലുള്ള സമിതികളുടെ കാലാവധി നീട്ടിക്കൊടുക്കാം. പിന്നെ വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടു വരാം. ഏതായാലും ഈ സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തി കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ബുദ്ധിശൂന്യതയാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും ഉറങ്ങരുത്, ഉറക്കം നടിക്കരുത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സംയുക്തമായി ആവശ്യപ്പെടാനുള്ള ആര്‍ജവം കാണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."