സുപ്രഭാതം ലേഖകന്‍ നജീബ് അന്‍സാരിയെ ആദരിച്ചു
മാള: വാര്‍ത്തകളിലൂടെ അധികൃതരുടെ കണ്ണ് തുറപ്പിച്ച സുപ്രഭാതം ലേഖകന്‍ വെള്ളാങ്കല്ലൂര്‍ റെയ്ഞ്ചിന്റെ ആദരം. പൊതുമരാമത്ത് വകുപ്പ് കരിങ്ങോള്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന കരിങ്ങോള്‍ചിറ മസ്ജിദിന്റെ വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രഭാതം ദിനപത്രത്തിലൂടെ നടത്തിയ ശക്തമായ ഇടപെടല്‍ പരിഗണിച്ചാണ് വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് മാള ഏരിയ ലേഖകന്‍ നജീബ് അന്‍സാരിയെ ഉപഹാരം നല്‍കി ആദരിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെയുമാണ് പാലം നിര്‍മാണം തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍ വീഴ്ചയാണ് പാലം നിര്‍മാണം ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതിന്റെ പ്രധാന കാരണം.
മുഖ്യധാര പത്രങ്ങള്‍ മൂടിവച്ച ഈ സത്യം ആദ്യം പുറത്ത് വിട്ടത് സുപ്രഭാതമാണ്. പിന്നീട് കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ ഈ വിഷയത്തില്‍ ഇടപെടുകയും ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാകുകയും ചെയ്തു. വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കണ്ണാംകുളം ഉപഹാരം നല്‍കി. റെയ്ഞ്ച് പ്രസിഡന്റ് സി.പി മുഹമ്മദ് ഫൈസി അധ്യക്ഷനായി .
സമസ്ത മുഫത്തിഷ് യു ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി.കെ.എം അഷറഫ്, അയ്യൂബ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എന്‍.എസ് ബഷീര്‍ മൗലവി സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അബ്ദു സമദ് ദാരിമി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."