തൃശൂര്‍ പൂരം വെടിക്കെട്ട് മന്ത്രിമാരുടെ ആത്മാര്‍ഥതയില്ലായ്മ തെളിഞ്ഞു: ടി.എന്‍ പ്രതാപന്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ ഗാംഭീര്യം കുറയാന്‍ കാരണം സംസ്ഥാന ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥത ഇല്ലായ്മയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം നല്‍കിയ അനുമതി ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ അന്വേഷണത്തിനെ തുടര്‍ന്ന് ലഭിച്ചതാണ്. അതിന് മന്ത്രിമാരുടേയോ നേതാക്കളുടേയോ സമ്മര്‍ദം ആവശ്യമില്ല. യു.ഡി.എഫ് ഭരണകാലത്ത് പൂരത്തിന് വെടിക്കെട്ടിന് തടസ്സമുണ്ടാകുമെന്ന് വന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടിറങ്ങി കാര്യങ്ങള്‍ വിലയിരുത്തി സുരക്ഷാ ചുമതല ഏറ്റെടുത്ത് അനുമതി വാങ്ങിച്ചുകൊടുത്തു. ഇക്കൊല്ലം വെടിക്കെട്ടിന് മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല.
പൂരം ഭംഗിയായി നടത്താന്‍ സഹായിക്കുമെന്ന മന്ത്രിസഭാ തീരുമാനം പത്രത്തില്‍ വന്നതല്ലാതെ തുടര്‍ നടപടിയുണ്ടായില്ല. ഇപ്പോള്‍ ലഭിച്ചിട്ടുള്ള വെടിക്കെട്ടനുമതി തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും വിധത്തിലുള്ളതല്ലെന്ന് പൂരകമ്മിറ്റിക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ശിവകാശി ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാരമ്പര്യ വെടിക്കെട്ടുകളെ തടസ്സപ്പെടുത്തുന്ന തലത്തിലുള്ള കേന്ദ്രതീരുമാനമെന്ന് ആരോപണമുണ്ട്. ജില്ലക്ക് മൂന്ന് മന്ത്രിമാര്‍ ഉണ്ടായിട്ടും പൂരം വെടിക്കെട്ടിന് അനുമതി ഉദ്ദേശിച്ച രീതിയില്‍ ലഭ്യമാക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. പൂരം ജനങ്ങളുടേതാണ്. ജനങ്ങളെ പൂരത്തില്‍ നിന്നും അകറ്റും വിധത്തിലാണ് പൂരം സംവിധാനം വരുന്നതെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകണം. തെക്കേ ഗോപുരനടയില്‍ ഇരുമ്പു ബാരിക്കേഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. അതിന്റെ ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പരമ്പരാഗതമായി ചെയ്തുവരുന്ന സുരക്ഷാക്രമീകരണങ്ങള്‍ മാറ്റി ജനങ്ങളെ പരമാവധി പ്രയാസപ്പെടുത്തുന്ന തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് പൂരപ്രേമികളെ ദ്രോഹിക്കുന്നതിന് തുല്യമാണെന്ന് പ്രതാപന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."