അമ്പലപ്പാറയില്‍ കിടത്തിചികിത്സ നിലച്ചിട്ട് ഒരു വര്‍ഷം
ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമായ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കിടത്തിചികിത്സ നിലച്ചു. അമ്പലപ്പാറ സമൂഹ ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷത്തില്‍ മെഡിക്കല്‍ ഓഫിസര്‍ മാറ്റം പോയതോടെയാണ് കിടത്തി ചികിത്സ ഇല്ലാതായത്.
പകര്‍ച്ചപ്പനിയും മറ്റു രോഗങ്ങളും കൂടുതലായിരിക്കെയാണ് എല്ലാ സൗകര്യങ്ങളുമുള്ള അമ്പലപ്പാറ സമൂഹ ആരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ നിലച്ചത്. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഏഴ് ഡോക്ടര്‍മാര്‍ വേണ്ട അമ്പലപ്പാറ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരാണ് കാലങ്ങളായുള്ളത്. അധിക തസ്തിക ഇതുവരെ ഉണ്ടായിട്ടില്ല. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകളും ഇതുവരെയും നികത്തപ്പെട്ടിട്ടില്ല. ഇത് സാധാരണ ജനങ്ങളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്. പ്രതിദിനം മുന്നോറോളം രോഗികളാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്.
25 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. അമ്പലപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന്ന് ഡോക്ടര്‍മാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അമ്പലപ്പാറ സമൂഹ ആരോഗ്യകേന്ദ്രത്തിലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന വാദവും ശക്തമാണ്. തെരഞ്ഞെടുപ്പ് കാലമായിട്ടുപോലും കിടത്തിച്ചികിത്സ പുനസ്ഥാപിക്കാന്‍ കഴിയാത്തത് ജനപ്രതിനിധികളുടെ വീഴ്ചയാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."