പെട്ടിമുടി ദുരന്തം, എട്ടു വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് എട്ടുപേരെ
മരണം 62 ആയി
സ്വന്തം ലേഖകന്‍
തൊടുപുഴ: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസം നടത്തിയ തെരച്ചിലില്‍ വിഷ്ണു (എട്ട്) വിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയ മൃതദേഹം മുരുകന്റെ (49) താണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. ദുരന്തത്തില്‍ കാണാതായ എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു പ്രധാനമായും തെരച്ചില്‍. ചെന്നൈയില്‍ നിന്ന് എത്തിച്ച റഡാര്‍ സംവിധാനത്തിന് പുറമേ തൃശ്ശൂര്‍ സ്വദേശിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ഡോസിങ് റോഡ് സംവിധാനവും തെരച്ചിലിനുണ്ട്.
മണ്ണിനടിയിലെ ശരീര സാന്നിധ്യം റഡാര്‍, ഡൗസിങ് റോഡ് സംവിധാനത്തില്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്തുള്ള സൂക്ഷമ പരിശോധനയാണ് നടത്തിയത്. റഡാര്‍, ഡൗസിങ് റോഡ് സംവിധാനം പ്രയോജനപ്പെടുത്തിയുള്ള തെരച്ചിലില്‍ മണ്ണിനടിയില്‍ നിന്ന് നായയുടെ ജഡം കൂടി കണ്ടെടുക്കാനായി. ഡൗസിങ് റോഡ്, റഡാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ മുഴുവന്‍ പേരെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തെരച്ചില്‍ സംഘം.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഒരു സംഘം ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ച് ഊര്‍ജിതമായ തെരച്ചില്‍ നടത്തി. മണ്ണിനടിയില്‍ ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാര്‍, ഡൗസിങ് റോഡ് സംവിധാനമാണ് തെരച്ചിലിന് ഉപയോഗപ്പെടുത്തിയത്. ഡോഗ് സ്‌ക്വാഡിന്റെ നായകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് ഡോഗ് സ്‌ക്വാഡിന്റെ സേവനം അവസാനിപ്പിച്ചത്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലിസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. എല്ലാവിധ സഹായങ്ങളൊരുക്കി പ്രദേശവാസികളും റവന്യു ആരോഗ്യ വകുപ്പും മേഖലയിലുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് എം.എല്‍.എ എസ് രാജേന്ദ്രന്‍, സബ് കലക്ടര്‍ എസ് പ്രേം കൃഷ്ണ, അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരും പെട്ടിമുടിയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."