അമ്മയും മക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി
മലപ്പുറം: അമ്മയെയും മൂന്നു മക്കളെയും റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കേ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രംഗത്ത്. വി.കെ പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ ഭാവന (38), മക്കളായ ഐശ്വര്യ (12), നന്ദിനി (10), വിസ്മയ (8) എന്നിവരുടെ മരണത്തിലാണ് ദുരുഹതയൊഴിയാത്തത്.
ഏപ്രില്‍ 21നു പുലര്‍ച്ചെ കോഴിക്കോട് എലത്തൂര്‍ കോയ റോഡിനു സമീപം പള്ളിക്കണ്ടി റെയില്‍വേ ട്രാക്കിലാണ് ഇവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാവനയുടെയും മൂന്നു മക്കളുടെയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഒരു കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സത്യസന്ധമായ അന്വേഷണം നടത്തി മരണകാരണം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ കലക്ടര്‍, ജില്ലാ സൂപ്രണ്ട് ഓഫ് പൊലിസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കു പരാതിയും നല്‍കുന്നുണ്ട്. വയനാട് പടിഞ്ഞാറത്തറ പേരാല്‍ സ്വദേശിനിയായ റജീന തിരുവനന്തപുരം സ്വദേശിയായ രാജേഷിനെ വിവാഹംകഴിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. പതിനാലു വര്‍ഷം മുന്‍പു റജീനയെ വിവാഹംകഴിച്ച രാജേഷ് രണ്ടു കുട്ടികളുണ്ടായതിനു ശേഷം റജീനയുടെ ഉമ്മയുമായി സ്വത്തുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു റജീനയെയുംകൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. അതിനു ശേഷമാണ് രാജേഷ് റജീനയെയും രണ്ടു മക്കളെയും പേരുമാറ്റാന്‍ നിര്‍ബന്ധിച്ചത്.
വി.കെ പടിയിലായിരുന്നു പിന്നീട് ഇവരുടെ താമസം. ഇവിടെ താമസമാക്കിയ കാലം മുതല്‍ ഭാവനയും മക്കളും വലിയ കഷ്ടപ്പാടിലും പട്ടിണിയിലും ദുരിതത്തിലുമാണ് ജീവിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രിയില്‍ മദ്യപിച്ചെത്തുന്ന രാജേഷ് ഭാവനയേയും കുട്ടികളേയും മര്‍ദിക്കുക പതിവായിരുന്നു. ഇതിനിടയിലാണ് ഈ സംഭവമുണ്ടാകുന്നത്. മരണപ്പെടുന്നതിനു രണ്ടു ദിവസംമുന്‍പു വീടുവീട്ടിറങ്ങിയ ഭാവനയെയും മക്കളെയും കോഴിക്കോട് എലത്തൂര്‍ കോയ റോഡില്‍ റെയില്‍വേ ഗേറ്റിന് സമീപം ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് തികച്ചും അസ്വാഭാവികമാണ്. നാലു പേരുടെയും മൃതദേഹങ്ങള്‍ റെയില്‍ പാളത്തില്‍ ഒന്നിച്ചു ചേര്‍ന്നുകിടക്കുന്നതാണ് കണ്ടത്. ജനവാസമുള്ള ഈ സ്ഥലത്തുവന്ന് തീവണ്ടിക്കു മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ്. ഭാവനയ്‌ക്കൊപ്പം ചെറിയ കുട്ടികള്‍ തീവണ്ടിക്കുമുന്നിലേക്ക് എടുത്തുചാടിയെന്നതും അവിശ്വസനീയമാണ്. ആത്മഹത്യയാണെങ്കില്‍പോലും രാജേഷിന്റെ പ്രേരണകൊണ്ടും പീഡനംകൊണ്ടുമാണെന്നു വ്യക്തമാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഭാവനയുടെ മാതാവ് ആയിശുമ്മ കളത്തില്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഇബ്രാഹിംകുട്ടി, കണ്‍വീനര്‍ കെ. ലിയാക്കത്തലി, പി. ഇസ്മാഈല്‍ മാസ്റ്റര്‍, ടി.പി അബ്ദുല്‍ ഹഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."