വാഹനം ഡ്രൈവ് ചെയ്തത് പൊലിസ് ഡ്രൈവറല്ലെന്ന് കണ്ടെത്തല്‍
പൊന്നാനി: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എസ്കോര്‍ട്ട് പോയ പെരുമ്പടപ്പ് പൊലിസിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം വിവാദത്തിലേക്ക്. അപകടത്തില്‍പെട്ട പൊലിസ് വാഹനം ഓടിച്ചിരുന്നതു പൊലിസ് ഡ്രൈവറല്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് വലമ്പൂര്‍-പട്ടിക്കാട് റോഡില്‍ കുരിശുപള്ളിക്കു സമീപത്ത് അപകടമുണ്ടായത്. മഞ്ചേരിക്കടുത്തു വള്ളിക്കാപ്പറ്റയില്‍ പരിപാടി കഴിഞ്ഞു സ്പീക്കര്‍ പാലക്കാട് ഭാഗത്തേക്ക് എളുപ്പമാര്‍ഗമായ വലമ്പൂര്‍-പട്ടിക്കാട് ബൈപാസ് റോഡ് മാര്‍ഗം യാത്ര പോകുന്നതിനിടെയാണ് പെരുമ്പടപ്പ് സ്റ്റേഷനില്‍നിന്നു പോയ എസ്കോര്‍ട്ട് വാഹനം അപകടത്തില്‍പെട്ടത്. നേരിയ മഴ വര്‍ഷിച്ചതോടെ റോഡില്‍നിന്നു വാഹനം തെന്നി റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.
പെരുമ്പടപ്പ് സ്വദേശികളായ രണ്ടു പൊലിസ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട സ്പീക്കര്‍ വാഹനം നിര്‍ത്തി സ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ചട്ടപ്രകാരം പൊലിസ് വാഹനങ്ങള്‍ ഓടിക്കേണ്ടതു പൊലിസ് ഡ്രൈവര്‍മാരാണ്. സ്പീക്കറെപ്പോലുള്ള പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് എസ്കോര്‍ട്ട് പോകുമ്പോള്‍ ഉത്തരവാദിത്തമില്ലാതെ പൊലിസ് ഡ്രൈവറെ മാറ്റിനിര്‍ത്തി സിവില്‍ പൊലിസ് ഓഫിസറെക്കൊണ്ടു വാഹനം ഓടിപ്പിച്ചതു ഗുരുതരമായ പിഴവാണെന്ന് സ്പഷല് ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."