ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും
തിരുവനന്തപുരം: റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഏകപക്ഷീയമായി റെഡ് ക്രസന്റ് തയാറാക്കി കൊണ്ടുവന്ന ധാരണാപത്രം നടപടിക്രമം പാലിക്കാതെ ഒപ്പിടുകയാണ് ഉണ്ടായതെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
അതേ സമയം ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നിര്‍ദേശിച്ചിട്ടാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍. യൂണിടാക് ബില്‍ഡേസ് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവശങ്കറിന്റെ പങ്ക് വെളിപ്പെട്ടത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിന് കൈക്കൂലി നല്കിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്നയാണ് ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചതെന്നും സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ ചെയ്തത് ശിവശങ്കറാണെന്നുമാണ് എന്‍ഫോഴ്മെന്റിന് യൂണിടെക് ഉടമ നല്‍കിയിരിക്കുന്ന മൊഴി. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്കാന് നിര്‍ദേശിച്ചു. കോണ്‍സുലേറ്റിന്റെ കാറിന്റെ ഡിക്കിയില്‍ സ്വപ്നയുടെ നിര്‍ദേശപ്രകാരം പണം വച്ചു.
വാഹനം ഓടിച്ചിരുന്നത് ഖാലിദായിരുന്നുവെന്നും യൂണിടെക് ഉടമ മൊഴി നല്കി. 20 കോടി രൂപയുടെ പദ്ധതിയില്‍ 4.35 കോടി രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യൂണിടാക് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നിഗമനം. ലൈഫ് മിഷന് പദ്ധതിയില്‍ ഫ്ളാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെടുന്നതോടെയാണ് ഗുഢാലോചന തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."