ഇറ്റാലിയന്‍ കിങ്‌സ്
ടൂറിന്‍: ഇറ്റലിയില്‍ യുവന്റസ് തങ്ങളുടെ തുടര്‍ച്ചയായ എട്ടാം കിരീടം സ്വന്തമാക്കി. ലീഗില്‍ അവസാന അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് യുവന്റസ് തങ്ങളുടെ 35ാം സീരി എ കിരീടമുയര്‍ത്തിയത്. ശനിയാഴ്ച ഫിയോറന്റീനക്കെതിരായ അവസാന മത്സരത്തില്‍ 2-1ന് ജയിച്ചാണ് യുവന്റസിന്റെ കിരീടനേട്ടം.
ആറാം മിനുട്ടില്‍ നിക്കോള മിലന്‍കോവിച്ചിന്റെ ഗോളില്‍ മുന്നിലെത്തിയ ഫിയോറന്റീനയെ തകര്‍പ്പന്‍ തിരിച്ചുവരവിലാണ് യുവന്റസ് കീഴടക്കിയത്. 37ാം മിനുട്ടില്‍ അലക്‌സ് സാന്‍ഡ്രോയുടെ ഹെഡ്ഡര്‍ ഗോളിലൂടെ സമനില പാലിച്ച യുവന്റസ് 53ാം മിനുട്ടില്‍ ജെര്‍മന്‍ പെസല്ലയുടെ സെല്‍ഫ് ഗോളിലാണ് വിജയിച്ചത്.
ഈ ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ബോക്‌സിന്റെ വലതുഭാഗത്ത് വച്ച് റൊണാള്‍ഡോ തൊടുത്ത ഷോട്ട് തടുക്കാന്‍ ശ്രമിച്ച പെസല്ലയുടെ കാലില്‍ തട്ടി പന്ത് ദിശമാറി വലയില്‍ കയറുകയായിരുന്നു. സീസണില്‍ കഴിഞ്ഞ മത്സരത്തില്‍ സ്പാലിനെതിരേ ജയിച്ചാല്‍ കിരീടം ഉയര്‍ത്താമായിരുന്ന യുവന്റസ് പക്ഷേ രണ്ടാംടീമിനെ ഇറക്കി മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടതോടെയാണ് ഫിയോറന്റീനക്കെതിരായ മത്സരം നിര്‍ണായകമായത്. യുവന്റസില്‍ റൊണാള്‍ഡോയുടെ രണ്ടാമത്തെ കിരീടമാണിത്.
നേരത്തെ റൊണാള്‍ഡോയുടെ മികവില്‍ യുവന്റസ് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം നേടിയിരുന്നു. ജനുവരി 16ന് മിലാനെതിരേ നടന്ന മത്സരത്തില്‍ 61ാം മിനുട്ടില്‍ റൊണാള്‍ഡോയാണ് അന്ന് യുവന്റസിന്റെ വിജയഗോള്‍ നേടിയത്. ഇന്റര്‍ മിലാന്‍, ടോറിനോ, റോമ, അറ്റ്‌ലാന്റ, സാംപ്‌ഡോറിയ എന്നീ ടീമുകള്‍ക്കെതിരേയാണ് യുവന്റസിന്റെ അടുത്ത മത്സരങ്ങള്‍. 27 മത്സരങ്ങളില്‍ യുവന്റസിന് വേണ്ടി ബൂട്ടുകെട്ടിയ റൊണാള്‍ഡോയുടെ പേരില്‍ 19 ഗോളുകളും എട്ട് അസിസ്റ്റുകളും ഉണ്ട്.
അവസാന അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സീരി എയില്‍ റൊണാള്‍ഡോക്ക് ടോപ് സ്‌കോററാവാനുള്ള സുവര്‍ണാവസരം കൂടിയുണ്ട് നിലവില്‍.
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടം ഉയര്‍ത്തിയ ക്ലബാണ് യുവന്റസ്. ഇത്ര നേരത്തെ ലീഗ് കിരീടം നേടിയെങ്കിലും ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ അപ്രതീക്ഷിത തോല്‍വി യുവന്റസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സീസണില്‍ തുടക്കം മുതല്‍ ലീഗ് ടേബിളില്‍ ഒന്നാമതായിരുന്ന യുവന്റസ് റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ക്ക് അടുത്തിടെ വിശ്രമങ്ങള്‍ നല്‍കിയില്ലായിരുന്നു എങ്കില്‍ നേരത്തെ തന്നെ കിരീടം സ്വന്തമാക്കിയേനെ. 18 കിരീടങ്ങള്‍ വീതമുള്ള മിലാന്‍ ക്ലബുകള്‍ ആണ് യുവന്റസിന് പിറകില്‍ ഇറ്റലിയിലുള്ളത്.
റൊണാള്‍ഡോക്ക് റെക്കോര്‍ഡ്
റോം: യുവന്റസ് സീരി എ കിരീടം നേടിയതോടെ സൂപ്പര്‍താരം റൊണാള്‍ഡോയെ തേടി മറ്റൊരു നേട്ടമെത്തി. മൂന്ന് വ്യത്യസ്ത ലീഗുകളില്‍ കിരീടം നേടിയ ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ഇതോടെ റൊണാള്‍ഡോ സ്വന്തമാക്കിയത്.
ഇറ്റാലിയന്‍ ലീഗിന് പുറമേ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും റൊണാള്‍ഡോയ്ക്ക് കിരീടം നേടാന്‍ കഴിഞ്ഞിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടിയും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കിരീടത്തില്‍ മുത്തമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."