കുടിവെളള വിതരണം നടത്തിയില്ല ക്ഷുഭിതരായ ജനം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു
ഫറോക്ക്: കുടിവെളള വിതരണം നടത്താത്തതില്‍ ക്ഷുഭിതരായ ജനം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നടുറോഡില്‍ തടഞ്ഞു. രൂക്ഷമായ വരള്‍ച്ചാ പ്രതിസന്ധി നേരിടുന്നതിനായി ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ നിന്നും ഫറോക്ക് നഗരസഭയിലെ ചെറുകിട പദ്ധതികള്‍ വഴി ശുദ്ധജലവിതരണം നടത്താന്‍ തീരുമാനമായിരുന്നു.
എന്നാല്‍ ഉത്തരവിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കരുവന്‍തിരുത്തി കോതാര്‍ത്തോടില്‍ ഇന്നലെ വൈകുന്നേരം ജനങ്ങള്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടഞ്ഞത്. കുടിനീരിനായി ജനം നാലുപാടം അലയുമ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഉദ്യോഗസ്ഥര്‍ മനപൂര്‍വം കുടിവെളളം നല്‍കാതിരിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. ഭൂഗര്‍ഭ ലൈന്‍ പരിശോധിക്കാനെത്തിയ വാട്ടര്‍ അതോറിറ്റി എ.ഇ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരേയാണ് തടഞ്ഞുവെച്ചത്. ഫറോക്ക് നഗരസഭയിലെ ചെറുകിട പദ്ധതികള്‍ വഴി കുടിവെളളം വിതരണം ചെയ്യാനുളള ഉത്തരവ് കഴിഞ്ഞ മാസം തന്നെ ഇറങ്ങിയിരുന്നു. എന്നാല്‍ ജലം പമ്പ് ചെയ്യുമ്പോള്‍ ഭൂഗര്‍ഭ പൈപ്പുകള്‍ പൊട്ടുന്നതാണ് കുടിവെളള വിതരണം പ്രതിസന്ധിയിലാക്കിയത്. ഇന്നലെ ഉച്ചയോടെ കരുവന്‍തിരുത്തി വില്ലേജിലെ ചെറുകിട ജലസംഭരണികളില്‍ വെളളമെത്തിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായതായാണ് വിവരം. എന്നാല്‍ ഫറോക്ക് വില്ലേജിലെ പൈപ്പുകള്‍ ശരിയാക്കാതെ വെളളം പമ്പ് ചെയ്യാന്‍ സാധിക്കില്ലെന്നു വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അറിയിക്കുകായായിരുന്നു. പെരുമുഖം ചെത്തലത്ത് കോളനിയിലെ പ്രധാന സംഭരണിയിലേക്ക് പോകുന്ന ഭൂഗര്‍ഭ ലൈനിന്റെ ഫറോക്ക് ഇ.എസ്.ഐക്കും ഹോട്ടലിനും സമീപമുളള വാള്‍വ് പൂട്ടി കരുവന്‍തിരുത്തി വില്ലേജിലേക്ക് വെളളം തുറന്നു വിടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു കൂട്ടാക്കത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.സുഹറാബിയും പൊതുമരാമത്ത് ചെയര്‍മാന്‍ ആസിഫും സംഭവ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ഇതിനെ തുടര്‍ന്നു വെളളം പമ്പ് ചെയ്യാന്‍ തീരുമാനമാവുകയും ചെയ്തു. കുടിവെളളം പമ്പ് ചെയ്യാനായി വാള്‍വുകള്‍ പരിശോധിച്ചു കഴിഞ്ഞതിനു ശേഷം മാങ്കാവിലെ മെയിന്‍ വാള്‍വ് അടച്ചിരിക്കുകയാണെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതില്‍ ക്ഷുഭിതരായ ജനം വെളളം പമ്പ് ചെയ്യാതെ ഉദ്യോഗസ്ഥരെയും വാഹനവും വിടുകയില്ലെന്നു പറഞ്ഞു തടയുകയായിരുന്നു. രാത്രി ഏറെ വൈകിയും ജനം ഉദ്യോഗസ്ഥരെ വിട്ടയച്ചിട്ടില്ല. നഗരസഭയില്‍ കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശമാണ് കരുവന്‍തിരുത്തി. ഇവിടെ അഞ്ച് ചെറുകിട കുടിവെളള വിതരണ പദ്ധതികളാണുളളത്. ഇതിന്റെ പലതിന്റെയും കിണറുകള്‍ മാസങ്ങള്‍ക്കു മുമ്പെ വറ്റിവരണ്ടിട്ടുണ്ട്. ജപ്പാന്‍ പദ്ധതിയില്‍ നിന്നും ചെറുകിട പദ്ധതികളിലേക്ക് ശുദ്ധജലമെത്തിക്കാനുളള തീരുമാനം ജനം ആശ്വാസത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കുടിവെളള വിതരണം മനപൂര്‍വ്വം ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയാണെന്നും കരുവന്‍തിരുത്തിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ചിലര്‍ നടത്തുന്ന രാഷ്ട്രീയക്കളിയാണ് ഇതിനു പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."