പെട്ടിമുടി ദുരന്തം: ഗര്‍ഭിണിയുടേതടക്കം 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
മരിച്ചവരുടെ എണ്ണം 65
ഇനി കണ്ടെത്താനുള്ളത് 5 പേരെ
സ്വന്തം ലേഖകന്‍
തൊടുപുഴ: മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഗര്‍ഭിണിയുടേതടക്കം മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മുത്തുലക്ഷ്മി (26), കൗശിക (15), ശിവരഞ്ജിനി (15) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതില്‍ മുത്തുലക്ഷ്മി ഗര്‍ഭിണിയായിരുന്നു. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
ദുരന്തത്തില്‍ അകപ്പെട്ട അഞ്ച് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിയില്‍ നിന്നും 10 കിലോമീറ്ററോളം ദൂരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ തെരച്ചില്‍ നടത്തിയത്. ഇന്നലെയും റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തെരച്ചില്‍. ട്രിച്ചി ഭാരതി ദാസന്‍ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജ്യോഗ്രഫി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ നാലംഗ സംഘത്തിന്റെ സേവനം കഴിഞ്ഞ മൂന്നു ദിവസമായി റഡാര്‍ പരിശോധനക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പൊലിസ്, വനംവകുപ്പ് തുടങ്ങിയ സേനകളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നുണ്ട്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും പങ്കാളിത്തം വഹിക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂതക്കുഴി ഭാഗത്തെ തെരച്ചില്‍ ജോലികള്‍ക്ക് പഞ്ചായത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ സേവനം ഏറെ സഹായകരമായി. പുലിയടക്കമുള്ള വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തെരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവസാനയാളെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി മുമ്പോട്ട് പോകുമെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞു. ഇന്നലെയും മഴ മാറി നിന്നത് അനുകൂല ഘടകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."