വേനല്‍മഴയില്‍ ആശ്വാസം; കൂടെ ദുരിതവും
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് കെടുതികളുണ്ടായത്. അപ്രതീക്ഷിതമായി ഇടിയും മിന്നലോടും കൂടി പെയ്ത മഴ കനത്ത ചൂടില്‍ വെന്തുരുകുന്ന മലയോര മേഖലയക്ക് ആശ്വാസമായെങ്കിലും നാശനഷ്ടങ്ങള്‍ ദുരതത്തിനിടയാക്കി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പില്‍ കാറിന് മുകളില്‍ മരം വീണു. തുടര്‍ന്ന് മുക്കം-അരീക്കോട് റോഡില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. മുക്കം-തിരുവമ്പാടി റോഡില്‍ മുക്കം കടവ് പാലത്തിന് സമീപം മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതും ഗതാഗത സ്തംഭനത്തിന് കാരണമായി.
മലാംകുന്ന്, തോട്ടക്കാട്, കുമാരനെല്ലൂര്‍ ഗേറ്റുംപടി പ്രദേശങ്ങളില്‍ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതക്കാലുകള്‍ പലയിടത്തും മറിഞ്ഞു വീണു. ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ മരം വീണതിനാല്‍ പല പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി. ശക്തമായ മഴയില്‍ റോഡുകളില്‍ മണ്ണ് നിറഞ്ഞതിനാല്‍ പലയിടത്തും ഗതാഗതം ദുസ്സഹമായിരുന്നു. തിരുവമ്പാടി റബര്‍ എസ്റ്റേറ്റില്‍ നിരവധി മരങ്ങള്‍ നിലംപൊത്തി. ഇടിമിന്നലില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ കൃഷി നാശമുണ്ടായി. ആയിരക്കണക്കിന് വാഴകളും കമുകുകളും തെങ്ങുകളും നശിച്ചു. കൊടിയത്തൂര്‍ മഠത്തില്‍ അബ്ദുല്‍ ഹകീം, കണ്ടംപറമ്പില്‍ അബ്ദുസലാം, നടുക്കണ്ടിയില്‍ മാമുകുട്ടി, വി.എച്ച് രാജ്കുമാര്‍, വി.എച്ച് സദാനന്ദന്‍, കല്ലങ്ങല്‍ അലവി, തച്ചോളില്‍ അബ്ദുല്‍ നജീബ്, വാരിയന്‍ചാലില്‍ സോമന്‍ തുടങ്ങി എഴുപതോളം കര്‍ഷകരുടെ 25000ത്തോളം വരുന്ന നേന്ത്രവാഴകള്‍ നശിച്ചു. നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങള്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി സ്വപ്ന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, വാര്‍ഡ് അംഗം ചേറ്റൂര്‍ മുഹമ്മദ്, കൃഷി ഓഫിസര്‍ എ.എം ഷബീന, കൃഷി അസിസ്റ്റന്റ് എം.പി ബീന സന്ദര്‍ശിച്ചു.
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയില്‍ വ്യാപക കൃഷി നാശം. കാളങ്ങാലി റോഡില്‍ ഏറത്തേല്‍ ബെന്നിയുടെ ഇരുനൂറോളം വാഴകള്‍ നശിച്ചു. 1.75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മാവൂര്‍: ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളില്‍ വ്യാപക കൃഷിനാശം. കണ്ണിപറമ്പ്, ആയംകുളം, പള്ളിയോള്‍, തെങ്ങിലക്കടവ്, ആമ്പിലേരി, കുറ്റിക്കടവ് , ഊര്‍ക്കവടവ്, ഇഷ്ടിക ബസാര്‍, വെള്ളന്നൂര്‍ തൂടങ്ങി നിരവധി സ്ഥലങ്ങളില്‍ പാകമായ നേന്ത്രവാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 20,000ത്തിലേറെ വാഴകള്‍ നശിച്ചു. വൈദ്യുതി ലൈനില്‍ മരങ്ങള്‍ വീണ് വൈദ്യുതിക്കാലുകളും ലൈനും തകര്‍ന്നു. മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. ചിലയിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.
പെരുമണ്ണ: പഞ്ചായത്തിലെ വെള്ളായിക്കോട്, പാലത്തുംകുഴി പ്രദേശങ്ങളിലെ നാലായിരത്തോളം വാഴകള്‍ പുര്‍ണമായും നശിച്ചു.കെ.എം പ്രകാശന്‍, കെ.സത്യന്‍, കെ.ശങ്കുണി, വി.ടി സുരേന്ദ്രന്‍, ശ്രീധരന്‍ നായര്‍, ഷാജി കുഴിമ്പാട്ടില്‍, ശ്രീനിവാസന്‍ കരിയാട്ട്, കെ.രാജന്‍നായര്‍, സെയ്തലവി എന്നീ കര്‍ഷരുടെ ഏക്കര്‍ക്കണക്കിന് വാഴത്തോട്ടങ്ങളാണ് നശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."