മക്ക ക്രെയിന്‍ അപകടം: ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കി
ജിദ്ദ: മക്കയിലെ ഹറമിലുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട കേസില്‍ മക്ക ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കി. ജനുവരി 26 നാണ് കേസില്‍ കീഴ്‌ക്കോടതി വിധി പ്രസ്താവിച്ചത്. സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കുന്നതിന് ക്രിമിനല്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു വിധി. ഫലത്തില്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിയായിരുന്നു ഇത്.
മൂന്നംഗ ബെഞ്ചില്‍ രണ്ടു ജഡ്ജിമാരാണ് കേസ് പരിശോധിക്കുന്നതിന് ക്രിമിനല്‍ കോടതിക്ക് അധികാരമില്ലെന്ന് വിധിച്ചത്. മൂന്നാമത്തെ ജഡ്ജിയുടെ വിയോജിപ്പോടെയായിരുന്നു ഇത്. കേസ് പരിശോധിക്കുന്നതിന് ക്രിമിനല്‍ കോടതിക്ക് അധികാരമുണ്ടെന്ന നിലപാടാണ് മൂന്നാമത്തെ ജഡ്ജി സ്വീകരിച്ചത്.
തുടര്‍ന്ന് ഭൂരിഭാഗത്തിന്റെ അഭിപ്രായം അനുസരിച്ച് കേസില്‍ ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. ക്രിമിനല്‍ കോടതി ബെഞ്ചില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ജഡ്ജിയുടെയും പബ്ലിക് പ്രോസിക്യൂഷന്റെയും നിലപാട് അപ്പീല്‍ കോടതിയിലെ അഞ്ചംഗ ബെഞ്ച് അംഗീകരിച്ചു. വിചാരണക്കായി കേസ് ഫയല്‍ ക്രിമിനല്‍ കോടതിയിലേക്കു തന്നെ അപ്പീല്‍ കോടതി തിരിച്ചയച്ചു.
മതാഫ് വികസന പദ്ധതി നടപ്പാക്കിയിരുന്ന സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതിരുന്നതാണ് ക്രെയിന്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഹജിന് ദിവസങ്ങള്‍ ശേഷിക്കെ 2015 സെപ്റ്റംബര്‍ 11 മക്കയില്‍ ക്രെയിന്‍ അപകടം സംഭവിച്ചത്. അപകടത്തില്‍ മലയാളി ഉള്‍പ്പെടെ 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."