ഭാഷാ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
കാസര്‍കോട്: കന്നഡ ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ സംരക്ഷിച്ചുകൊണ്ടാണ് സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിര്‍ബന്ധമാക്കുമ്പോള്‍ കന്നഡ ബോധന മാധ്യമമായി തുടരും. ഇത്തരം സ്കൂളുകളില്‍ രണ്ടാം ഭാഷയായിരിക്കും മലയാളം. കന്നഡ ഭാഷയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറയില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി.
എം.എല്‍.എമാരായ എം രാജഗോപാല്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്കിയ കന്നഡ ഭാഷാ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികള്‍ക്കാണു മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. മലയാളം രണ്ടാം ഭാഷയാവുക ഒന്നാം ക്ലാസ് മുതലാണ്. അടുത്ത അധ്യയന വര്‍ഷമാണ് ഇത് ആരംഭിക്കുന്നത്. നിലവില്‍ പഠിക്കുന്ന കന്നഡ മാധ്യമം വിദ്യര്‍ഥികള്‍ക്ക് ഇതു ബാധകമല്ല. കാസര്‍കോട് ജില്ലയില്‍ കന്നഡ മാതൃഭാഷയായുള്ള സ്കൂളുകളില്‍ കുട്ടികള്‍ മൂന്നും നാലും ഭാഷ പഠിക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ചു പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."