സ്വകാര്യ വ്യക്തികളുടെ ജലസ്രോതസുകളിലെ വെള്ളവും കുടിവെള്ള വിതരണത്തിന് തയാറാകാത്ത വാഹനവും പിടിച്ചെടുക്കും
കാസര്‍കോട്: കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ ധാരാളം വെള്ളമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റും കുടിവെള്ളം അനുവദിക്കാത്തവരില്‍ നിന്നു വെള്ളം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് കലക്ടര്‍ കെ ജീവന്‍ ബാബു. തദ്ദേശ സ്ഥാപനങ്ങള്‍ കുടിവെള്ള വിതരണത്തിനു ക്വട്ടേഷന്‍ വിളിച്ചിട്ടും അതില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും തയാറാകുമെന്നു കലക്ടര്‍ ഇന്നലെ ചേര്‍ന്ന കുടിവെള്ള വിതരണ അവലോകന യോഗത്തില്‍ അറിയിച്ചു.
പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മറ്റും ധാരാളം വെള്ളമുണ്ടെന്നും എന്നാല്‍ അവയൊന്നും കുടിവെള്ള വിതരണത്തിനു വിട്ടുതരാത്ത അവസ്ഥയുണ്ടെന്നും പഞ്ചായത്തു പ്രസിഡന്റുമാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു ദുരന്ത നിവാരണ നിയമത്തിന്റെ ഭാഗമായി ഇത്തരം സ്രോതസുകളില്‍ നിന്നു കുടിവെള്ളം പിടിച്ചെടുത്തു വിതരണം ചെയ്യാവുന്നതാണെന്നു കലക്ടര്‍ യോഗത്തെ അറിയിച്ചത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വിഷമതകളുണ്ടെങ്കില്‍ ജില്ലാ ഭരണകൂടം ഇടപെടുമെന്നും കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
കുടിവെള്ള വിതരണത്തിനു വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന തുക കുറവാണെന്നു കാണിച്ചു പല വാഹന ഉടമകളും ക്വട്ടേഷനില്‍ പങ്കെടുക്കുന്നില്ലെന്ന പരാമര്‍ശമുണ്ടായപ്പോഴാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ തയാറാകുമെന്ന് കലക്ടര്‍ വ്യക്തമാക്കിയത്.
കുടിവെള്ള വിതരണത്തിനു തയാറാകാത്ത വാഹനങ്ങള്‍ ഏതാണെന്ന് അറിയിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കലക്ടറേറ്റില്‍ നിന്നു നടപടികള്‍ ഉണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."