കാന്തപുരം വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം; തിരൂരങ്ങാടി ഖാസിഹൗസ് അടച്ചുപൂട്ടി
തിരൂരങ്ങാടി: ഖാസിയെ ചൊല്ലി കാന്തപുരം വിഭാഗത്തില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് ഒരുവിഭാഗം ബലപ്രയോഗത്തിലൂടെ തിരൂരങ്ങാടി ഖാസിഹൗസ് അടച്ചുപൂട്ടി. കാന്തപുരം വിഭാഗത്തിന്റെ നിരവധി മഹല്ലുകളുടെ ഖാസി ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിയുടെ തിരൂരങ്ങാടിയിലെ ഔദ്യോഗിക വസതിയാണ് കഴിഞ്ഞ ദിവസം തിരൂരങ്ങാടി വലിയ പള്ളി സെക്രട്ടറി എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയും സംഘവും ചങ്ങലയിട്ടു പൂട്ടിയത്.
ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ സെക്രട്ടറി, ഖത്വീബ് തുടങ്ങിയവര്‍ ഓഫിസ് സെക്രട്ടറിയെ പുറത്താക്കുകയും ഖാസിഹൗസ് അടച്ചുപൂട്ടുകയുമായിരുന്നു. തിരൂരങ്ങാടി ഖാസിഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ടു കാലങ്ങളായി ഖാസിയും പള്ളിക്കമ്മിറ്റി ഭാരവാഹികളടങ്ങുന്ന ഒരുവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസമാണ് പുതിയ സംഭവവികാസങ്ങളിലെത്തിച്ചത്.
പരമ്പരാഗതമായി പൊന്നാനി മഖ്ദൂമി കുടുംബമാണ് തിരൂരങ്ങാടി ഖാസി സ്ഥാനം വഹിച്ചിരുന്നത്. കോട്ടക്കല്‍ കുഴിപ്പുറം സ്വദേശിയായ ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി 23ാമത്തെ ഖാസിയായി 13 വര്‍ഷംമുന്‍പാണ് സ്ഥാനമേറ്റത്. ഖാസിക്കു പുറമേ ഇവിടെ ഒരു ഓഫിസ് ജീവനക്കാരനുമുണ്ട്. കുടുംബസമേതം താമസിക്കാന്‍ സൗകര്യമൊരുക്കിയാണ് ഖാസിഹൗസ് നിലനിന്നിരുന്നത്. കാലപ്പഴക്കത്താല്‍ തകര്‍ന്നുവീണ് ഇത് ഒറ്റമുറിയില്‍ ഒതുങ്ങുകയായിരുന്നു. ഒരേക്കര്‍ ഭൂമിയില്‍ ഏറെ സൗകര്യങ്ങളോടെ പുതിയ ഖാസിഹൗസ് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കുകയും പത്തുവര്‍ഷം മുന്‍പു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിനു ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കെട്ടിട നിര്‍മാണം ഇതുവരെ തുടങ്ങാതിരുന്നതു ഖാസി ചോദ്യം ചെയ്തതാണത്രേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കാന്‍ കാരണം. അതേസമയം, ഖാസിയെ മാറ്റാന്‍ തീരുമാനിച്ചതായും ആറിനു ചേരുന്ന യോഗത്തില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സെക്രട്ടറി എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പറഞ്ഞു.
നേരത്തെ, സമസ്തയെ അംഗീകരിക്കുന്ന മഹല്ലുകള്‍ ഉള്‍പ്പെടെ തിരൂരങ്ങാടി ഖാസിക്കു കീഴിലുണ്ടായിരുന്നു. എന്നാല്‍, മാസപ്പിറവി വിവാദ വിഷയത്തില്‍ അന്നത്തെ ഖാസി ഏകപക്ഷീയ തീരുമാനമെടുത്തതോടെ സമസ്തയ്ക്കു കീഴിലുള്ള ഭൂരിഭാഗം മഹല്ലുകളും മറ്റു ഖാസിമാരെ നിശ്ചയിക്കുകയായിരുന്നു.
റോഡിലെ അപകടക്കുഴികള്‍ അടക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."