ദലിത്‌ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: കേസെടുക്കാന്‍ കോടതി നിര്‍ദേശം
മഞ്ചേരി: ദലിത് ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും, കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി കീഴ്‌കോടതിയോട് നിര്‍ദേശിച്ചു. കീഴുപറമ്പ് പഞ്ചായത്ത് അംഗം എടപ്പള്ളിയാലി കൃഷ്ണന്റെ മകന്‍ പ്രകാശി(28)നെ മര്‍ദിച്ച സംഭവത്തിലാണ് പാണ്ടിക്കാട് എ.ആര്‍ ക്യാംപിലെ പൊലിസുകാരായ രാജന്‍, മുബാറക്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
പൊലിസ് ഉദ്യോഗസ്ഥന്‍ രാജനും, പരാതിക്കാരനായ പ്രകാശും തമ്മില്‍ നേരത്തെ സുഹൃത്തുക്കളും ഡി.വൈ.എഫ്.ഐയിലെ സജീവ പ്രവര്‍ത്തകരുമായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകാശിന്റെ പിതാവ് ഉള്‍പ്പെടെ കുടുംബം ദലിത് ലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രകാശ് പാര്‍ട്ടി വിട്ടതോടെ രാജനടക്കമുള്ളവര്‍ക്ക് വിരോധം വര്‍ധിക്കുകയും ചെയ്തു. ഇതിനിടെ കീഴുപറമ്പ് പഞ്ചായത്തിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുമായി മത്സരിച്ച പ്രകാശിന്റെ പിതാവ് കൃഷ്ണന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പിനു ശേഷം കൃഷ്ണനടക്കമുള്ള യു.ഡി.എഫ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നതിനായി ലോറി അലങ്കരിക്കുകയും പ്രകാശ് ഈ ലോറിയില്‍ ഡീസല്‍ നിറക്കാനായി കീഴുപറമ്പിലേ മുക്കം ജങഷനിലേക്ക് വന്നപ്പോള്‍ ലോറി പൊലിസുകാര്‍ തടയുകയും പ്രകാശിനെ ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തു.
തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മര്‍ദനത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ലോറി മണല്‍കടത്തിനുപയോഗിച്ചുവെന്ന് കാണിച്ച് പ്രകാശന്റെ പേരില്‍ പൊലിസുകാര്‍ കേസെടുത്തു.
ഇതിനെതിരെ പ്രകാശന്‍ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. അഡ്വ.കെ.വി സാബു മുഖേനയാണ് ഹരജിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."