വ്യാപാരിയുടെ മരണം; പൊലിസ് അനാസ്ഥ കാണിക്കുന്നെന്ന് സഹോദരങ്ങള്‍
എടവണ്ണ: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്യവസായിയുടെ ഘാതകരെ പിടികൂടുന്നതില്‍ പൊലിസ് നിഷ്‌ക്രിയത്വം കാണിക്കുകയാണന്ന് സഹോദരങ്ങള്‍. കഴിഞ്ഞവര്‍ഷം മെയ് ഒന്നിന് പുലര്‍ച്ചെയാണ് എടവണ്ണയിലെ പ്രമുഖ വ്യവസായിയായിരുന്ന കല്ലുവെട്ടി കുഴിയില്‍ അബ്ദുല്‍ ഗഫൂര്‍ എന്ന കുഞ്ഞിപ്പ തിരുവാലി കോഴിപറമ്പിലെ സ്വന്തം ഫാമില്‍വച്ച് ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സുഹൃത്തുക്കളടക്കമുള്ളവരെ പ്രതിചേര്‍ത്ത് അന്വേഷണം നടന്നു വന്നെങ്കിലും ഒരു വര്‍ഷമായിട്ടും പൊലിസിന് പ്രതികളെ പിടികൂടാനായിട്ടില്ലെന്നും സഹോദരങ്ങളായ മുജീബ്‌റഹ്മാന്‍, അയ്യൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാന പ്രതിക്ക് സുപ്രിംകോടതി വരെ ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതി കോഴിക്കോട്ടെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിച്ചുവരികയാണന്നും കൂട്ടുപ്രതിയും ജാമ്യത്തിലിറങ്ങിയയാളാണ് ഇപ്പോള്‍ ഇയാള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു നല്‍കുന്നതെന്നും ഇയാളെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും പൊലിസ് പിടികൂടുന്നില്ലെന്നും സഹോദരങ്ങള്‍ ആരോപിക്കുന്നു. മലപ്പുറം നാര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പി.ബാലചന്ദ്രനാണ് ഇപ്പോള്‍ അന്വേഷണ ചുമതല വഹിക്കുന്നത്.
മനപൂര്‍വമല്ലാത്ത നരഹത്യ (304) പ്രകാരമായിരുന്നു അന്ന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ മനപൂര്‍വമുള്ള നരഹത്യക്കുള്ള (302) വകുപ്പിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍. ഇതിന്റെ പേരില്‍ സഹോദരങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണന്നും വധഭീഷണി വരെയുണ്ടന്നും സഹോദരങ്ങര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."