പ്രതീക്ഷകള്‍ മങ്ങി; കളത്തുംകടവില്‍ ബ്രിഡ്ജ് ഇല്ല, പകരം റെഗുലേറ്റര്‍ മാത്രം
നിലമ്പൂര്‍: കളത്തുംകടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാനുള്ള പദ്ധതി ജലസേചന വകുപ്പ് പൂര്‍ണമായും ഉപേക്ഷിച്ചു. പകരം കിഫ്ബിയുടെ സഹായത്തോടെ ഇവിടെ റഗുലേറ്റര്‍ മാത്രം നിര്‍മിക്കാനാണ് തീരുമാനം. ചാലിയാര്‍ നദീതട പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള അഞ്ച് ചെറുകിട ജലസേചന പദ്ധതിയില്‍ ഒന്നായ ചാലിയാര്‍ പുഴക്ക് കുറുകെയാണ് ചെറിയ നടപ്പാതയോടു കൂടിയ റഗുലേറ്റര്‍ മാത്രം നിര്‍മിക്കുന്നത്.
ഇതിന്റ പ്രൊപ്പോസല്‍ ജലസേചന വകുപ്പ് അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇന്നലെ ജലസേചന വകുപ്പ് എ.ഇ ഷാജഹാന്‍ കബീര്‍, ഓവര്‍സിയര്‍ അബ്ദുല്‍ കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി. 25 കോടിയുടെ റഗുലേറ്റര്‍ നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം തടയുന്നതിനാണ് റഗുലേറ്റര്‍ നിര്‍മിക്കുന്നത്. റഗുലേറ്റര്‍ നിര്‍മിക്കുന്നതോടെ ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിലമ്പൂര്‍ നഗരസഭയുടെയും അമരമ്പലം പഞ്ചായത്തിലെയും കുടിവെള്ള കിണറുകള്‍ക്ക് സഹായകരമാവും. കൂടാതെ പുഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്തോടെ ചുങ്കത്തറ പഞ്ചായത്തിലും കുടിവെള്ള ലഭ്യതക്ക് സഹായകരമാവും. കരിമ്പുഴ വരെയുള്ള ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം നേരിടേണ്ടിയും വരില്ല. റഗുലേറ്ററിനൊപ്പം നാലടി വീതിയില്‍ നടപ്പാത കൂടി നിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. റഗുലേറ്റര്‍ ചെരിച്ചു നിര്‍മിക്കാന്‍ കഴിയാത്തതിനാല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുക അസാധ്യമാണെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തല്‍.
റഗുലേറ്റര്‍ യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പ്രദേശത്തിന്റെ ടൂറിസം വികസനവും സാധ്യമാക്കുന്നതിന് ബോട്ട് സര്‍വീസ് ഉള്‍പ്പെടെ നടത്താനും സാധിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥും പറഞ്ഞു.
അതേസമയം ആഴക്കെട്ട് കുറവായതും മറുഭാഗത്ത് ഭൂമിയില്‍ അപ്രോച് റോഡ് നിര്‍മാണ തടസവുമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉപേക്ഷിക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ 60 കോടി രൂപയോളം ചെലവ് വരും. തടയണയുടെ കൂടെ പാലം കൂടി നിര്‍മിക്കുമ്പോഴുണ്ടാക്കുന്ന ഭീമമായ നിര്‍മാണ ചെലവ് ജലസേചന വകുപ്പിന് താങ്ങാനാവില്ല. അതേസമയം നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയാണ് ഇവിടെ ഒരുപാലം എന്നത്. ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗതാഗത സൗകര്യം മുന്‍നിര്‍ത്തിയാണ് കളത്തുംകടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് ആലോചന തുടങ്ങിയത്. കരിമ്പുഴ പാലത്തിന് താഴെ കരിമ്പുഴയില്‍ റെഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിക്കാനായിരുന്നു ചാലിയാര്‍ നദിതട പ്രൊജക്ടിലെ ആദ്യ തീരുമാനം.
ഇതിന്റെ എസ്റ്റിമേറ്റ് നടന്നുവരുന്നതിനിടെയാണ് രണ്ട് ഭാഗവും ഒഴിവാക്കി അരകിലോമീറ്റര്‍ താഴെയായി ഗതാഗത സൗകര്യം കൂടി കണക്കിലെടുത്ത് കളത്തുംകടവില്‍ വി.സി.ബി കംബ്രിഡ്ജ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാലം ഒഴിവാക്കി റഗുലേറ്റര്‍ മാത്രം നിര്‍മിക്കുന്നതിനെതിരെ ചാലിയാര്‍ പഞ്ചായത്തിലെ കുന്നത്തുചാല്‍, മൊടവണ്ണ, അത്തിക്കാട് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. റഗുലേറ്റര്‍ര്‍ ഒരിക്കല്‍ നിര്‍മിച്ചാല്‍ പിന്നീട് പാലമെന്ന സ്വപ്നം അടഞ്ഞ അധ്യായമായി മാറും. റഗുലേറ്റര്‍ കം ബ്രിഡ്ജ് തന്നെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച നാട്ടുകാര്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."