ഡെങ്കി, മഞ്ഞപ്പിത്തം, എച്ച്1എന്‍1, ഡിഫ്തീരിയ നിങ്ങള്‍ക്കായി പകര്‍ച്ചവ്യാധികള്‍ ക്യൂവിലാണ്...
മലപ്പുറം: ജലക്ഷാമവും ചൂടും രൂക്ഷമായി തുടരുമ്പോള്‍ ജില്ലയില്‍ വേനല്‍ക്കാല രോഗങ്ങളും സാന്നിധ്യമറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എച്ച്1എന്‍1, ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങളും ഇതുമൂലം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണവും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ അടച്ചുവയ്ക്കാത്തതും ഉപയോഗമില്ലാത്ത ക്ലോസറ്റുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളമൊഴിക്കാത്തതുമാണ് കൊതുകുകള്‍ക്കു വളരാന്‍ സാഹചര്യമൊരുക്കുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന പറഞ്ഞു. തോട്ടങ്ങളിലെ പാള, ചിരട്ട എന്നിവ മാറ്റി ശുചീകരണ പ്രവൃത്തികള്‍ ആരോര്യ വകുപ്പ് ആശാ-അങ്കണവാടി വര്‍ക്കേഴ്‌സ് മുഖേന നടത്തിവരുന്നുണ്ട്. എന്നാല്‍, ഇത് ആരോഗ്യവകുപ്പുതന്നെ ചെയ്യേണ്ടതാണെന്ന മനോഭാവം മാറണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ അപേക്ഷിച്ചു ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖമുണ്ടായതു വിവാഹ സല്‍ക്കാരത്തിലും മറ്റു പൊതുപരിപാടികളിലും പങ്കെടുത്തതിലൂടെയാണ്. അതുകൊണ്ടുതന്നെ ഹോട്ടല്‍, കാറ്ററിങ് ഭക്ഷ്യ-പാനീയങ്ങളുടെ ഗുണമേന്മ സംശയത്തിലാണ്. ജില്ലയില്‍ മഞ്ഞപ്പിത്തമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ലെന്നും രോഗിയുടെ കുടുംബത്തിലെ മറ്റുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നും രോഗം പൂര്‍ണമായും ഭേദമാകാതെ രോഗി പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
രോഗിക്കു പൂര്‍ണ വിശ്രമവും ഭക്ഷണക്രമീകരണവുമാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാത്ത മരുന്നുകള്‍, ഭസ്മം എന്നിവ ഉപയോഗിക്കുന്നതു രോഗിയുടെ നില കൂടുതല്‍ ഗുരുതരമാക്കും. വേനല്‍ക്കാല രോഗങ്ങളെയും പരിചരണങ്ങളെയും സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത്, സ്‌കൂള്‍തലങ്ങളില്‍ കൃത്യമായ മൊഡ്യൂള്‍ പ്രകാരം ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ ക്ലാസുകള്‍ നല്‍കുന്നുണ്ട്. പഞ്ചായത്തുതലത്തില്‍ ഓരോ വാര്‍ഡിനും ആരോഗ്യവകുപ്പില്‍നിന്നും ശുചിത്വ മിഷനില്‍നിന്നും 10,000 രൂപ വീതവും പഞ്ചായത്തില്‍നിന്ന് 5,000 രൂപയും ഫണ്ട് അനുവദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."