വിലച്ചൂടില്‍ ചായയും തിളയ്ക്കുന്നു
കണ്ണൂര്‍: സാധാരണക്കാരന്റെ ചങ്കിടിപ്പു കൂട്ടിക്കൊണ്ട് ചായക്കും എണ്ണക്കടികള്‍ക്കും വീണ്ടും വിലവര്‍ധിപ്പിച്ചു.
കഴിഞ്ഞ ഒന്നുമുതലാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. കണ്ണൂര്‍ നഗരത്തിലെ മില്‍മാബൂത്തുകള്‍, ചെറുചായക്കടകള്‍, ആശുപത്രി കാന്റിനുകള്‍ എന്നിവിടങ്ങളിലും പുതിയ നിരക്ക് വന്നു. നിലവില്‍ എട്ടുരൂപയായിരുന്ന ചായക്ക് ഒരുരൂപയാണ് കൂട്ടിയത്. ഇതേ പോലെ എണ്ണക്കടികള്‍ക്കും ഒരുരൂപ കൂട്ടി. എന്നാല്‍ സമൂസയുള്‍പ്പെടെയുള്ള ചില എണ്ണക്കടികള്‍ക്ക് ഇപ്പോള്‍ തന്നെ പത്തുരൂപയാണ് വാങ്ങുന്നത്. കണ്ണൂര്‍ നഗരത്തില്‍ ചായക്ക് ഉടന്‍ പത്തുരൂപയാക്കുമെന്നാണ് സൂചന. പാല്‍വില വര്‍ധനവ്, പാചകവാതക ദൗര്‍ലഭ്യം, വെളിച്ചെണ്ണയുടെ വിലവര്‍ധനവ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് വില കയറ്റിയത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ചായവില ഏഴില്‍ നിന്നു ഒരു രൂപകൂട്ടിയത്. ഇതേ സമയം ഊണിനും അഞ്ചുരൂപ കൂട്ടിയിരുന്നു. നഗരത്തിലെ ഹോട്ടലുകളില്‍ ഊണ്‍വില വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കമുണ്ട്. പുതുക്കിയ വില കോഫിഹൗസ് ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടില്ല. സാധാരണ പുറത്തു വിലകൂട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കോഫിഹൗസിലും നടപ്പിലാക്കാറുണ്ട്. നിത്യേന നഗരത്തില്‍ ജോലി ചെയ്തു പോകുന്ന സാധാരണക്കാര്‍ ഇതോടെ വെട്ടിലായിരിക്കുകയാണ്. ഇവരെ കൂടാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പ്രതിസന്ധിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."