മാവോയിസ്റ്റ് സംഘം കേളകത്തെത്തി
കേളകം(കണ്ണൂര്‍): അടക്കത്തോട്ടിലെ രാമച്ചിയില്‍ ആയുധങ്ങളുമായി അഞ്ച് മാവോവാദികളെത്തി. ഇന്നലെ പുലര്‍ച്ചയോടെയാണ് അഞ്ചംഗ സംഘമെത്തിയത്. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മുഷിഞ്ഞ പട്ടാള വേഷമാണ് ധരിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ എത്തിയ സംഘം അഞ്ചുമണിക്കാണ് മടങ്ങിയത്.
രാമച്ചി വനാതിര്‍ത്തിയിലെ വീട്ടില്‍ നിന്ന് അഞ്ച് കിലോ അരിയും തേങ്ങയും മറ്റു ഭക്ഷണ സാധനങ്ങളും ഇവര്‍ ചോദിച്ചു വാങ്ങി. സംഘത്തില്‍ ഒരാള്‍ നന്നായി മലയാളം പറയുമെങ്കിലും ഇയാള്‍ മലയാളിയല്ലെന്നാണ് വീട്ടുടമസ്ഥന്റെ മൊഴി. മലയാളം അറിയാവുന്ന സംഘാഗം മറ്റുള്ളവര്‍ക്ക് വീട്ടുടമസ്ഥന്‍ പറയുന്നത് പരിഭാഷപ്പെടുത്തി കൊടുത്തു. ഇതിനു മുന്‍പ് രണ്ടു തവണ മാവോയിസ്റ്റുകള്‍ ഇവിടെ എത്തിയിരുന്നെങ്കിലും രണ്ടു പ്രാവശ്യവും ആദിവാസി കോളനികളിലാണെത്തിയത്.
നിങ്ങളെന്തിനാണ് നടക്കാത്ത ആവശ്യങ്ങളുമായി ഇങ്ങനെ അലയുന്നതെന്നു വീട്ടുടമസ്ഥന്‍ ചോദിച്ചപ്പോള്‍ സേവനത്തിന്റെ ഭാഗമെന്നായിരുന്നു സംഘത്തിന്റെ മറുപടി.
26 സി.ആര്‍.പി.എഫുകാരെ കൊന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ തങ്ങളെ ഉപദ്രവിച്ചിരുന്നുവെന്നും സംഘം മറുപടി നല്‍കി. മാവോവാദി വനിതാ നേതാവ് സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമച്ചിയിലെത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."