ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റയലിന് ജയം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി ഫൈനല്‍ ഡര്‍ബി പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു റയലിനെ. സീസണിലെ രണ്ടാം ഡര്‍ബി ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
2012-13 സീസണില്‍ റോബര്‍ട്ട് ലെവന്റോസ്‌കി ഹാട്രിക്ക് നേടിയ ശേഷം ചാംപ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ മൂന്നു ഗോള്‍ നേടുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ. മൂന്നു ഗോളിന്റെ മുന്‍തൂക്കം രണ്ടാം പാദത്തിനായി അത്‌ലറ്റിക്കോയുടെ തട്ടകത്തിലിറങ്ങുമ്പോള്‍ റയലിന ്ഗുണം ചെയ്യും.
സാന്റിയാഗോ ബെര്‍ണാബുവില്‍ പോരാട്ടത്തിനായി ഇറങ്ങുമ്പോള്‍ അത്‌ലറ്റിക്കോ പ്രതിരോധത്തിലൂന്നി കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അത്‌ലറ്റിക്കോ പ്രതീക്ഷിക്കും മുന്‍പ് തന്നെ റയല്‍ ആക്രമണം തുടങ്ങി. ഏഴാം മിനുട്ടില്‍ ഡാനി കാര്‍വജാലും ഇസ്‌കോയുടെ നടത്തിയ മുന്നേറ്റം അത്‌ലറ്റിക്കോ ഗോളി ജാന്‍ ഒബ്ലക്ക് സേവ് ചെയ്തു. 10ാം മിനുട്ടില്‍ റയല്‍ മുന്നിലെത്തി. സെര്‍ജിയോ റാമോസിന്റെ മികച്ചൊരു ക്രോസ് ഡീഗോ ഗോഡിന്‍ തട്ടിയകറ്റി. എന്നാല്‍ കാസെമിറോ നല്‍കിയ പാസില്‍ ഗംഭീരമായൊരു ഹെഡ്ഡറില്‍ ക്രിസ്റ്റ്യാനോ വല കുലുക്കി.
ഗോള്‍ വഴങ്ങിയതോടെ അത്‌ലറ്റിക്കോ പ്രതിരോധം കടുപ്പിച്ചു. 16ാം മിനുട്ടില്‍ ടോണി ക്രൂസിന്റെ ക്രോസില്‍ റാഫേല്‍ വരാനെ തൊടുത്ത ഷോട്ട് ഒബ്ലക് തട്ടിയകറ്റി. മറുവശത്ത് കെവിന്‍ ഗമെയ്‌റോയുടെ ഷോട്ട് കെയ്‌ലര്‍ നവാസും സേവ് ചെയ്തു. ഇതിനിടെ ബെന്‍സേമയും ക്രിസ്റ്റ്യാനോയും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അന്റോയിന്‍ ഗ്രിസ്മാന്റെ തകര്‍പ്പനൊരു കോര്‍ണര്‍ ഗോഡിന്‍ പുറത്തേക്കടിച്ചത് മാത്രമാണ് അത്‌ലറ്റിക്കോയ്ക്ക് ആദ്യ പകുതിയില്‍ ആശ്വസിക്കാനുണ്ടായത്.
രണ്ടാം പകുതിയില്‍ റയല്‍ കൂടുതല്‍ മികവു പുലര്‍ത്തുന്നതാണ് കണ്ടത്. അതോടൊപ്പം ഇരു ടീമുകളും പരുക്കന്‍ അടവുകളും പുറത്തെടുത്തു. ഇസ്‌കോയ്ക്കും സൗള്‍ നിഗ്വസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 73ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ രണ്ടാം ഗോള്‍ നേടി ടീമിന്റെ ലീഡ് ഉയര്‍ത്തി. താരത്തിന്റെ തകര്‍പ്പനൊരു ലോങ് റേഞ്ചര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 86ാം മിനുട്ടില്‍ അപ്രതീക്ഷിതമായി ലഭിച്ച പാസ് വലയിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികച്ചത്. ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ താരം ഇതുവരെ 13 ഗോളുകളാണ് നേടിയത്. ഇതില്‍ 10 എണ്ണം റയലിന് വേണ്ടിയാണ്. ഇത് റെക്കോര്‍ഡാണ്.
ഹാട്രിക്കില്‍ മെസ്സിക്കൊപ്പം
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ഹാട്രിക്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി. ടൂര്‍ണമെന്റില്‍ താരത്തിന്റെ ഏഴാമത്തെ ഹാട്രിക്കാണ് അത്‌ലറ്റിക്കോയ്‌ക്കെതിരേ സ്വന്തമാക്കിയത്. മെസ്സിയും എഴു ഹാട്രിക്കുകളാണ് സ്വന്തമാക്കിയത്.
അതേസമയം കൂടുതല്‍ ഗോളുകളുകള്‍ മെസ്സിയേക്കാള്‍ മുന്‍പന്തിയിലാണ് ക്രിസ്റ്റ്യാനോ. താരത്തിന് 103 ഗോളുകളാണുള്ളത്. എന്നാല്‍ മെസ്സിക്ക് 94 ഗോളുകള്‍ നേടാനേ സാധിച്ചിട്ടുള്ളൂ.
നേട്ടത്തിന് പിന്നാലെ ഉത്തേജക പരിശോധനയും
സെമിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉത്തേജക പരിശോധനയ്ക്ക് വിധേയനായി. മത്സര ശേഷം സ്ഥിരമായി ഉണ്ടാവുന്ന പ്രക്രിയയാണിത്. ടീം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരശേഷം താരത്തിനെ അഭിനന്ദിക്കാന്‍ ടീമംഗങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ മത്സരശേഷമുള്ള ഉത്തേജക പരിശോധന ഒഴിവാക്കാന്‍ സാധിക്കാത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."