എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അഞ്ജലി പുതുജീവിതത്തിലേക്ക്
മെഡിക്കല്‍ കോളജ്: ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാപ്പനംകോട് അരിവക്കോട് കാഞ്ഞിരം വിള വീട്ടില്‍ അനില്‍ കുമാര്‍ രഞ്ജിനി ദമ്പതികളുടെ മകള്‍ നാലുവയസുകാരി അഞ്ജലി ആശുപത്രി വിട്ടു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അഞ്ജലിയും കുടുംബവും മടങ്ങാനിറങ്ങിയപ്പോള്‍ പലരുടെയും കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു.
അന്നത്തെ നടുക്കം അനില്‍കുമാറിനും ഭാര്യ രഞ്ജിനിക്കും ഇപ്പോഴും മാറിയിട്ടില്ല. കൊല്ലത്താണ് രഞ്ജിനിയുടെ വീട്. ഇടയ്ക്കിടയ്ക്ക് ട്രെയിന്‍ യാത്ര പതിവാണ്. ഇപ്രാവശ്യം കൊല്ലത്തു നിന്നും തിരികെ നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനിലാണ് ഇവര്‍ കയറിയത്.
മകന്‍ അതുലും അഞ്ജലിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ചാക്ക കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞു. ശൗചാലയത്തില്‍ പോകാനായി അനില്‍കുമാര്‍ എഴുന്നേറ്റു. അപ്പോള്‍ അമ്മയുടെ മടിയിലായിരുന്നു അഞ്ജലി. അച്ഛന്റെ കൂടെ താനും ശൗചാലയത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അമ്മയുടെ അടുത്തു നിന്നും എഴുന്നേറ്റ് നടന്നു. അഞ്ജലി പുറകേ വരുന്ന വിവരം അച്ഛന്‍ അറിഞ്ഞില്ല. അന്നേരം പേട്ട, മൂന്നാമനയ്ക്കല്‍ അമ്പലത്തിന് സമീപം ട്രെയിനെത്തിയിരുന്നു. അച്ഛനെ തിരക്കി വന്ന കുട്ടി ട്രെയിനിന്റെ ഉലച്ചില്‍ കാരണം വെളിയില്‍ തെറിച്ച് വീണു.
ശൗചാലയത്തില്‍ നിന്നും തിരികെ വന്ന അച്ഛന്‍ കരുതിയത് കുട്ടി അമ്മയുടെ അടുത്തായിരിക്കുമെന്നാണ്. എന്നാല്‍ അമ്മ വിചാരിച്ചു കുട്ടി അച്ഛന്റെ അടുത്താണെന്ന്. തിരികെ എത്തിയ അച്ഛന്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. കുസൃതിക്കാരിയായ കുട്ടി സീറ്റിനടിയില്‍ ഒളിക്കുക പതിവായിരുന്നു. എന്നാല്‍ ആ ബോഗി മുഴുവന്‍ പരിശോധിച്ചിട്ടും കുട്ടിയെ കാണാത്തതിനാല്‍ അവരുടെ ചിന്ത പലവഴിക്കായി. അപ്പോള്‍ ട്രെയിന്‍
തമ്പാനൂര്‍ എത്താറായിരുന്നു. തുടര്‍ന്ന് റെയില്‍ വേ പൊലിസില്‍ അറിയിച്ചപ്പോഴാണ് ഒരു കുട്ടി ട്രെയിനില്‍ നിന്നും വീണുവെന്ന് വിവരം ലഭിച്ചത്.
മൂന്നാം മനയ്ക്കല്‍ അമ്പലത്തിന് പുറകിലുള്ള റെയില്‍വേ പാളങ്ങള്‍ക്ക് ഇടയിലാണ് കുട്ടി വീണത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്പലത്തിന് സമീപം നിന്നിരുന്ന രണ്ടു പേര്‍ അവിടെ ഓടിയെത്തി രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ വാരിയെടുത്ത് പൊലിസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
എസ്.എടിയില്‍ കുട്ടിയെ അടിയന്തര ന്യൂറോ ശസ്ത്രക്രിയ നടത്തി. മൂന്നാഴ്ചത്തെ പരിചരണത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. തലക്ക് പരുക്കേറ്റതിനാല്‍ കുട്ടിയുടെ ഒരു വശത്ത് ചെറിയ ബലക്കുറവുണ്ട്. അത് ഫിസിയോ തെറാപ്പിയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തങ്ങളുടെ പൊന്നുമകളെ തിരികെ തന്ന ഡോക്ടര്‍മാര്‍, ദിവസങ്ങളോളം ഉറക്കമിളച്ച് ഐസിയുവിലും വാര്‍ഡുകളിലും പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിച്ച തൊഴിലാളികള്‍,പൊലിസുകാര്‍ എന്നിവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അനില്‍കുമാറും ഭാര്യയും പറഞ്ഞു.
സത്യന്‍നഗര്‍ നഴ്‌സറി സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് അഞ്ജലി. സഹോദരന്‍ അതുല്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു. അനില്‍കുമാര്‍ നിര്‍മാണ തൊഴിലാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."