സിറിയയില്‍ 'ആക്രമണത്തിന്റെ തീവ്രത കുറയ്‌ക്കേണ്ട മേഖല' നിര്‍ണയിക്കാന്‍ ധാരണ; അസ്താന ചര്‍ച്ചയില്‍ കരാറായി
അസ്താന: ഒടുവില്‍ സിറിയന്‍ സമാധാന ചര്‍ച്ച വെളിച്ചം കാണുന്നു. വിമതരെ പിന്തുണയ്ക്കുന്ന തുര്‍ക്കിയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റേയും നേതൃത്വത്തില്‍ കസാഖിസ്താനില്‍ നടന്ന ചര്‍ച്ചയാണ് ധാരണയിലെത്തിയത്. സിറിയയില്‍ 'ആക്രമണത്തിന്റെ തീവ്രത കുറയ്ക്കുന്ന മേഖല' നിര്‍ണയിക്കാന്‍ റഷ്യ, തുര്‍ക്കി, ഇറാന്‍ ശക്തികള്‍ തയ്യാറായതോടെയാണ് ചര്‍ച്ച ധാരണയിലെത്തിയത്.
രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനത്തിലെത്താനായത്. ഇതിനിടെ ചര്‍ച്ചയില്‍ ഇറാന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് കാട്ടി വിമതപക്ഷം യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി. വിമത മേഖലയില്‍ ആക്രമണം നടത്തുന്നത് നിര്‍ത്തുന്നില്ലെന്നു പറഞ്ഞ് ഇന്നലെ ഇവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ആക്രമണം ശക്തമായി നടക്കുന്ന വിമതമേഖലയിലടക്കം സൈനികരുടെ എണ്ണം കുറയ്ക്കാനും ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാനുമാണ് ഒടുവില്‍ ധാരണയായത്. ഈ മേഖലാ നിര്‍ണയം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.
സിറിയയിലെ ആഭ്യന്തര യുദ്ധം ഏഴാം വര്‍ഷത്തിലേക്കു കടന്നപ്പോള്‍ ലക്ഷക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞവര്‍ഷം മുതല്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിരുന്നില്ല. യു.എന്നിന്റെ നേതൃത്വത്തില്‍ ജനീവ സമാധാന ചര്‍ച്ച നടന്നിരുന്നുവെങ്കിലും അതും വെറുതെയായി. ഒടുവില്‍ തുര്‍ക്കി മുന്‍കൈയ്യെടുത്താണ് അസ്താന ചര്‍ച്ച സംഘടിപ്പിച്ചത്. ജൂലൈ പകുതിയില്‍ ഒരു ചര്‍ച്ച കൂടി അസ്താനയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."