കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ കൈവശപ്പെടുത്തി പണംതട്ടല്‍; പ്രതികള്‍ ഒളിവില്‍
ചങ്ങരംകുളം: കുടുംബശ്രീ അംഗങ്ങളുടെ രേഖകള്‍ വശത്താക്കി പണംതട്ടിയ പ്രതികള്‍ ഒളിവില്‍ പോയതായി സൂചന. പൊന്നാനി താലൂക്കിലെ ആലങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ പൂത്തുമ്പി ജെ.എല്‍.ജി ഗ്രൂപ്പിനും മറ്റു മൂന്നു കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും ആവശ്യമായ ലോണ്‍ ശരിയാക്കുന്നതിനു ചങ്ങരംകുളം കനറാ ബാങ്കില്‍ ഹാജരാക്കുന്നതിനായി സി.ഡി.എസ് പ്രസിഡന്റിനെ ഏല്പിച്ച രേഖകള്‍ ഉപയോഗിച്ചു ലോണെടുക്കുകയും സി.ഡി.എസ് പ്രസിഡന്റ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് പരാതി.
ഇതുസംബന്ധിച്ചു ചങ്ങരംകുളം കാളാച്ചാല്‍ സ്വദേശിനി ആശാരിപറമ്പില്‍ രമ്യ ചങ്ങരംകുളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചങ്ങരംകുളം പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി മനേഷിനാണ് അന്വേഷണ ചുമതല. എന്നാല്‍, തട്ടിപ്പ് കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണവും ബാങ്കില്‍നിന്നു ലോണുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാനുള്ള താമസവും പ്രതിയുടെ അറസ്റ്റ് വൈകിക്കാന്‍ സാധ്യതയുണ്ട്.
സിന്ധുവിനെ കൂടാതെ മറ്റു ചില കുടുംബശ്രീ അംഗങ്ങളും നിരീക്ഷണത്തിലാണ്.
പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ അറിയാതെയാണ് സി.ഡി.എസ് പ്രസിഡന്റ് കുടുബശ്രീ അംഗങ്ങളുടെ രേഖകളും വ്യാജ ഒപ്പും ശേഖരിച്ചു കനറാ ബാങ്കിന്റെ മുന്‍ മാനേജറുടെ ഒത്താശയോടെ പണം തട്ടിയതെന്നും ഇതുമായി ബന്ധപ്പെട്ടു ജില്ലാ മിഷനില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ബാങ്കുകാര് പണമിടപാടുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പ്രതിയുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണം ബാങ്കില്‍ തിരിച്ചടക്കാന്‍ തയാറായില്ലെന്നും ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഹസന് സുപ്രഭാതത്തോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."