റോഡ് നവീകരണം: വൈദ്യുത തൂണുകള്‍ മാറ്റിത്തുടങ്ങി
പയ്യന്നൂര്‍: നഗരത്തിലെ പ്രധാന റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്. പയ്യന്നൂരില്‍ പ്രധാന റോഡിന്റെ വശങ്ങളിലുള്ള വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കല്‍ പ്രവൃത്തി തുടങ്ങി. പഴകിയതും മരത്തിന്റെയും തൂണുകള്‍ക്ക് പകരം ഇരുമ്പിന്റെ ഉയരമുള്ള തൂണുകളാണ് സ്ഥാപിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പ്രധാന റോഡ് മെക്കാഡം ടാറിങ് ആരംഭിക്കും.
പയ്യന്നൂര്‍ നഗരസഭ അഞ്ച് ലക്ഷവും പൊതുമരാമത്ത് വകുപ്പ് ആറ് ലക്ഷം രൂപയുമാണ് വൈദ്യുത വകുപ്പിന് തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ അടച്ചത്.
റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ ചവിട്ടുപടികള്‍, ഷീറ്റുകള്‍ എന്നിവ ഉള്‍പ്പടെ നീക്കം ചെയ്ത് റോഡ് വീതി വര്‍ധിപ്പിച്ചിരുന്നു.
സെന്‍ട്രല്‍ ബസാര്‍, പഴയ സ്റ്റാന്റ് പരിസരം, ബി.കെ.എം ജങ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് മീറ്റര്‍ വരെ വീതി വര്‍ധിച്ചു. ഓട്ടോ സ്റ്റാന്റ്, മറ്റ് അനധികൃത വാഹന പാര്‍ക്കിങ് എന്നിവയെല്ലാം കാരണം ഗതാഗതം പ്രയാസമായ ടൗണില്‍ വീതി വര്‍ധനവ് ആശ്വാസമാകും.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ മുതല്‍ കൊറ്റി മേല്‍പ്പാലം വരെയാണ് പ്രധാന റോഡ് മെക്കാഡം ടാര്‍ ചെയ്യുന്നത്. മൂന്ന് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. മെയ് അവസാനവാരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."