യുവാവിനെ കഴുത്തറുത്ത് കൊന്നതിനു പിന്നില്‍ കുടിപ്പക
കുമ്പള: പേരാല്‍ പൊട്ടോരിയില്‍ യുവാവിനെ ഒരു സംഘം കഴുത്തറുത്തു കൊന്നതിനു പിന്നില്‍ കുടിപ്പകയാണെന്നു കേസന്വേഷിക്കുന്ന പൊലിസ് സംഘം. കൊലപ്പെട്ട പേരാല്‍ പൊട്ടേരിയിലെ അബ്ദുല്‍ സലാമും കേസിലെ മുഖ്യപ്രതി ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖും തമ്മില്‍ മാസങ്ങളായി നില്‍ക്കുന്ന കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. അബ്ദുല്‍ സലാം സിദ്ദീഖിന്റെ വീട്ടിലെത്തി സിദ്ദീഖിന്റെ മാതാവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞുവെന്ന സംഭവം പെട്ടെന്നുള്ള പ്രകോപനത്തിലും കൊലപാതകത്തിലുമെത്തിയെന്നാണ് പൊലിസ് പറയുന്നത്. മണല്‍ക്കടത്ത് നടത്തുന്ന സംഘത്തില്‍ കണ്ണിയായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ സലാമും സിദ്ദീഖും. സിദ്ദീഖും സംഘവും നടത്തിയ മണല്‍ക്കടത്ത് പൊലിസ് പിടികൂടിയപ്പോള്‍ അബ്ദുല്‍ സലാമാണ് ഒറ്റിക്കൊടുത്തതെന്നു സിദ്ദീഖ് സംശയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അബ്ദുല്‍ സലാം ഏപ്രില്‍ 30ന് പുലര്‍ച്ചെ സിദ്ദീഖിന്റെ വീട്ടിലെത്തി ബഹളം വച്ചത്. ഈ സംഭവത്തിനു ശേഷം പൊലിസ് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ സലാമിനെ വൈകുന്നേരത്തോടെ വിട്ടയച്ചിരുന്നു. പൊലിസ് വിട്ടയച്ചതിനു ശേഷമാണു വൈകുന്നേരം അഞ്ചു മണിയോടെ പെര്‍വാഡ് മാളിയങ്കരക്കു സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ വച്ച് അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തുന്നത്. മാതാവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞ വിരോധത്തിനാണു കൊലനടപ്പാക്കിയതെന്നു മുഖ്യപ്രതിയായ സിദ്ദീഖ് പറയുമ്പോഴും മണല്‍ക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കവും കുടിപ്പകയും തന്നെയാണു കൊലപാതകത്തിലെത്തിച്ചതെന്ന് പൊലിസ് പറയുന്നു. അറസ്റ്റിലായ ആറു പ്രതികളുമായി പൊലിസ് ഇന്നലെ രാവിലെ തെളിവെടുപ്പു നടത്തി. കൊല നടന്ന സ്ഥലത്തു നിന്ന് ഒരു മഴുവും രണ്ടു വാളും ഒരു കത്തിയും പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുപയോഗിച്ചല്ല സലാമിനെ കൊന്നതെന്നു കുമ്പള സി.ഐ വി.വി മനോജ് പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ചത് ഒരു വാളും രണ്ടു കൊടുവാളുമാണ്. മൂന്ന് ആയുധങ്ങളും സിദ്ദീഖിന്റെ ചോരപുരണ്ട വസ്ത്രങ്ങളും കുണ്ടങ്കരടുക്കയിലെ ശ്മശാനത്തിലെ ടവറിനു കീഴിലുള്ള കുഴിയിലിട്ടു കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കി. മുഖ്യപ്രതി സിദ്ദിഖിനേയും കൊണ്ടു സ്ഥലത്തെത്തിയ പൊലിസ് സംഘം ആയുധങ്ങള്‍ കണ്ടെടുത്തു. ഇവ ശാസ്ത്രിയ പരിശോധനക്ക് അയച്ചുകൊടുക്കും. രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തുന്ന സമയത്ത് സലാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഷാദിനു കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ നൗഷാദ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."