മഹാരാജാസില്‍ വടിവാള്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ പി.ടി തോമസ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്.
നൂറുകണക്കിന് മഹാരഥന്‍മാര്‍ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് സാമൂഹികവിരുദ്ധരുടെയും ക്രിമിനലുകളുടെയും താവളമായി മാറിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ പി.ടി തോമസ് ആരോപിച്ചു. രാത്രികാലങ്ങളില്‍ കാംപസില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. തീവ്രവാദികളുടെ കേന്ദ്രമായി കോളജ് മാറിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച കേസില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ 11 അധ്യാപകര്‍ക്കെതിരേ കേസെടുക്കണം. കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും അരാജകത്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോളജില്‍ നിന്ന് കണ്ടെത്തിയത് കെട്ടിടനിര്‍മാണ ഉപകരണങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഹോസ്റ്റലിന് സമീപം നിര്‍മാണപ്രവര്‍ത്തനം നടക്കുന്നുണ്ട്.
കണ്ടെത്തിയ സാധനങ്ങള്‍ ആരാണ് കൊണ്ടുവന്നതെന്ന് പരിശോധിക്കും. തെറ്റുചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകും. പ്രതിപക്ഷം ഉന്നയിക്കുന്നവരുടെ പേരിലെല്ലാം നടപടിയെടുക്കാന്‍ കഴിയില്ല. ഇത് മറ്റുസംഭവങ്ങളുടെ തുടര്‍ച്ചയല്ല. പ്രതിപക്ഷം പുകമറി സൃഷ്ടിക്കുകയാണ്. വടിവാളും ബോംബും കണ്ടെത്തിയിട്ടില്ല. ഇല്ലാത്തകാര്യം എന്തിനാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോളജുകളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്നും തെറ്റായ പ്രവണതകളെ മുഖ്യമന്ത്രി ന്യായീകരിക്കുന്നതു നല്ലതല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിനുപിന്നാലെ മാണി വിഭാഗവും വിഷയത്തില്‍ വാക്കൗട്ട് നടത്തി. മുഖ്യമന്ത്രിയുടെ ന്യായീകരണം എസ്.എഫ്.ഐ നേതാവിന്റേതുപോലെ ആയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ആരോപിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ കുഴിമാടമുണ്ടാക്കി പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച സംഭവത്തെ ആര്‍ട്ട് ഇസ്റ്റലേഷനായാണ് സി.പി.എം കാണുന്നതെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."