എസ്.എസ്.എല്‍.സി: ഒന്നാം സ്ഥാനം നിലനിര്‍ത്തി പത്തനംതിട്ട
പത്തനംതിട്ട: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 98.82 ശതമാനം വിജയം നേടി ജില്ല ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നേടിയ വിജയത്തില്‍ നിന്നും പിന്നോക്കം പോയി. 99.4 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
പരീക്ഷയെഴുതിയ 11957 പേരില്‍ 11816 പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയാണ് ജില്ല സംസ്ഥാനത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 141 പേര്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്. ജില്ലയില്‍ പരീക്ഷയെഴുതിയ 6,302 ആണ്‍കുട്ടികളില്‍ 6232 പേരും 5655 പെണ്‍കുട്ടികളില്‍ 5584 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 141 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളും അടക്കം 462 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടി.
പത്തനംതിട്ട വിദ്യാഭാസ ഉപജില്ലയില്‍ 105 സെന്ററുകളിലായി 7661 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 7574 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഇതില്‍ 71 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു.
320 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ-പ്ലസ് നേടി. 98.86 ശതമാനം വിജയമാണ് ഇത്തവണ ഉപജില്ല കരസ്ഥമാക്കിയത്. തിരുവല്ലയില്‍ 63 സെന്ററുകളിലായി 4296 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4242 പേര്‍ വിജയിച്ചു. 142 കുട്ടികള്‍ എല്ലാവിഷയത്തിനും എ-പ്ലസ് നേടി. 41 സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയവും ലഭിച്ചു. 98.74 ശതമാനമാണ് തിരുവല്ല ഉപജില്ല നേടിയത്.
കഴിഞ്ഞ തവണ ജില്ലയില്‍ പരീക്ഷയെഴുതിയ 12438 പേരില്‍ 12318 പേരും വിജയിച്ചിരുന്നു. 120 പേര്‍ മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 320 പേരും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 142 പേരുമാണ് എ പ്ലസ് നേടിയത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 53 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 366 കുട്ടികള്‍ക്കും എ-പ്ലസ് ലഭിച്ചു. ഇതില്‍ 141 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളുമുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 12 ആണ്‍കുട്ടികളും 31 പെണ്‍കുട്ടികളും അടക്കം 43 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് പരീക്ഷ എഴുതിയ 1162 പേരില്‍ 1590 പേര്‍ വിജയിച്ചു. വിജയശതമാനം 98.64.
എയ്ഡഡ് മേഖലയില്‍ 9857 പേരില്‍ 9739 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 98.80. അണ്‍ എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് കോട്ടയം ജില്ലയ്ക്ക് പിന്നിലാണ് പത്തനംതിട്ടയുടെ സ്ഥാനം. പരീക്ഷ എഴുതിയ 488 പേരില്‍ 487 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.80.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."