കോട്ടയത്തിന് മിന്നുന്ന ജയം
കോട്ടയം: പ്രതീക്ഷകള്‍ കൈവിട്ടില്ല, എസ്.എസ്.എല്‍.സി പരീക്ഷയില്‍ കോട്ടയത്തിന് മിന്നുന്ന ജയം.വിദ്യാര്‍ഥികളുടെ മികച്ച പ്രകടനം ഇത്തവണ കോട്ടയത്തെ രണ്ടാമതെത്തിച്ചു. സംസ്ഥാനതലത്തില്‍ 98.209 ശതമാനം വിജയം സ്വന്തമാക്കിയാണ് ജില്ല രണ്ടാമതെത്തിയത്. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള വിദ്യാഭ്യാസജില്ലയെന്ന നേട്ടം കടുത്തുരുത്തിക്ക് സ്വന്തം. കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതിയ 21769 വിദ്യാര്‍ഥികളില്‍ 21379 വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി. ഇതില്‍ 10,622 പേര് ആണ്‍കുട്ടികളും 10,757 പേര് പെണ്‍കുട്ടികളുമാണ്. 966 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി.
148 സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. ഇതില്‍ 42 സര്‍ക്കാര്‍ സ്കൂളുകളും 87 എയ്ഡഡ് സ്കൂളുകളും 19 അണ് എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. നാലു വിദ്യാഭ്യാസ ജില്ലകളിലും മികച്ച റിസള്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. കടുത്തുരുത്തിക്ക് തൊട്ടു പിന്നില്‍ തന്നെയാണ് പാലായുടെ സ്ഥാനവും.പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 98.9 ശതമാനമാണ് വിജയം. 3652 പേര് പരീക്ഷയെഴുതിയ ഇവിടെ 3612 പേര് വിജയിച്ചു. ഇതില്‍ 237 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. 97.87 ശതമാനം വിജയമുള്ള കാഞ്ഞിരപ്പള്ളിയില്‍ പരീക്ഷയെഴുതിയത് ആകെ 5560 പേരാണ്. ഇതില്‍ 5520 പേര് വിജയിച്ചു. 207 വിദ്യാര്‍ഥികള്‍ എ പ്ലസ് കരസ്ഥമാക്കി. കോട്ടയം വിദ്യാഭ്യാസ ജില്ലയ്ക്ക് 97.66 ശതമാനമാണ് വിജയം. 8859 പേര് പരീക്ഷയെഴുതിയ ഇവിടെ 8652 പേര് ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ നിന്നായിരുന്നു. ഇവിടെ 315 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ലയായ കടുത്തുരുത്തിയില്‍ വിജയശതമാനം 99.36 ആണ്. 3618 പേര് പരീക്ഷയെഴുതിയ ഇവിടെ 3595 പേര് വിജയിച്ചു. 207 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള 50 സ്കൂളുകളില്‍ 36 സ്കൂളുകള്‍ നൂറു മേനി കൊയ്തു.
കാഞ്ഞിരപ്പള്ളിക്ക് കീഴില്‍ 70 വിദ്യാലയങ്ങളുണ്ടെങ്കിലും 32 സ്കൂളുകള്‍ക്ക് മാത്രമാണ് 100 ശതമാനം വിജയം നേടാനായത്. കോട്ടയത്ത് 53 സ്കൂളുകള്‍ നൂറുമേനി കൊയ്തപ്പോള്‍ കടുത്തുരുത്തിക്ക് കീഴിലുള്ള 43 സ്കൂളുകളില്‍ 27 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.
കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ എയ്ഡഡ് സ്കൂളുകളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയതില്‍ മുന്നില്‍. എയ്ഡഡ് മേഖലയില്‍നിന്ന് 18,000 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 17,704 പേര് വിജയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 2,419 പേര് പരീക്ഷയെഴുതിയപ്പോള്‍ 2,327 പേരും അണ് എയ്ഡഡില്‍ 1,350 പേര് പരീക്ഷയെഴുതിയതില്‍ 1,348 പേരും യോഗ്യരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."