പ്രളയ ബാധിത മേഖലകളില്‍ സഹായഹസ്തവുമായി കോര്‍പ്പറേഷന്‍
കൊല്ലം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകള്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ സഹായഹസ്തം. ചെങ്ങന്നൂരില്‍ വീടുകളുടെ ശുചീകരണ ജോലികളില്‍ പങ്കാളികളായ കോര്‍പ്പറേഷന്‍ സംഘം കുട്ടനാട്ടിലെയും കോട്ടയത്തെയും ദുരിതാശ്വാസ ക്യാംപുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു.
മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ 89 ജീവനക്കാരാണ് ചെങ്ങന്നൂരിലെത്തിയത്. നഗരത്തിലെ പ്രധാന മേഖലകളിലെയും ഐ.എച്ച്.ആര്‍.ഡി കോംപൗണ്ട് ഉള്‍പ്പെടെയുള്ള അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു. എട്ടു വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി. കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു, അഡീഷനല്‍ സെക്രട്ടറി ആര്‍.എസ് അനു, ഡെപ്യൂട്ടി സെക്രട്ടറി സുധീര്‍, റവന്യൂ ഓഫിസര്‍ ജി. മുരളി, രജിസ്ട്രാര്‍ എന്‍.എസ് ഷൈന്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍നിന്ന് ശുചീകരണ സാമഗ്രികള്‍ ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കൈമാറി. കോട്ടയം നഗരസഭയ്ക്ക് ലോഷനും ഹരിപ്പാട് നഗരസഭയ്ക്ക് ബ്ലീച്ചിങ് പൗഡറും എത്തിച്ചു നല്‍കി. ചങ്ങനാശേരി ടൗണ്‍ ഹാള്‍, കുറിച്ചി ഔട്ട്‌പോസ്റ്റ് എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു.
കൊല്ലം നഗരസഭയുടെ രണ്ട് കുടിവെള്ള ടാങ്കറുകള്‍ ചെങ്ങന്നൂരിലെ കുടിവെള്ള വിതരണത്തിനായി വിട്ടു നല്‍കിയിട്ടുണ്ട്. നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈ എടുത്ത് സമാഹരിച്ച അവശ്യവസ്തുക്കള്‍ കൊല്ലം ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."