ദുരിതാശ്വാസ സാധനങ്ങള്‍ക്കും റെയില്‍വേ ഫീസ് ഈടാക്കി
കോഴിക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ മുംബൈ മലയാളികള്‍ ശേഖരിച്ചയച്ച സാധനങ്ങള്‍ക്കും റെയില്‍വേ കടത്ത് കൂലി ഈടാക്കിയതില്‍ പ്രതിഷേധം.
താനെയില്‍ നിന്നുള്ള മലയാളികള്‍ അയച്ച സാധനങ്ങക്കാണ് ഫീസ് ഈടാക്കിയത്. കഴിഞ്ഞ ദിവസമാണ് സാധനങ്ങള്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്. 14,670 രൂപയാണ് മുംബൈ സ്‌റ്റേഷനില്‍ അടക്കേണ്ടി വന്നത്.
ദുരിതാശ്വാസ വസ്തുക്കള്‍ സൗജന്യമായി അയക്കുന്നതിനു മാനദണ്ഡം ഉണ്ടെന്നും അതു പാലിക്കാത്തതിനാലാണു മുംബൈയില്‍ ഫീസ് ഒടുക്കേണ്ടി വന്നതെന്നും സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.
ദുരിതാശ്വാസ വസ്തുക്കള്‍ അതത് പ്രദേശത്തെ ജില്ലാ കലക്ടറുടെ പേരിലാണ് അയക്കേണ്ടത്. എന്നാല്‍ മാത്രമേ അതിന് കടത്തുകൂലി സൗജന്യം ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വിശദീകരിച്ചു.
മുംബൈ കേരള മുസ്‌ലിം ജമാഅത്ത് എന്ന സംഘടനയാണ് അവശ്യവസ്തുക്കളുടെ ശേഖരം ട്രെയിന്‍ വഴി അയച്ചത്.
സ്ട്രീറ്റ് ഓഫ് കാലിക്കറ്റ് എന്ന ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി മാനാഞ്ചിറ ഡി.ടി .പി.സി സംഭരണ കേന്ദ്രത്തിലേക്ക് അയച്ചു. പെരുന്നാളായിട്ടും നിരവധി മുസ്്‌ലിം യുവാക്കള്‍ ആഘോഷങ്ങളെല്ലാം മാറ്റിവച്ച് സാധനങ്ങള്‍ ശേഖരിക്കാനും കൊണ്ടുപോകാനും ഏത്തിയിരുന്നു.
മുംബൈ താനെയില്‍ നിന്ന് കെ.പി അഹദ്, കെ.പി മാസ് എന്നിവര്‍ അവശ്യവസ്തുക്കളെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."